ഇസ്രയേല്‍ പൊലീസ് സേനക്ക് യൂണിഫോം ഒരുക്കുന്നത് കേരളം

Israel police

തിരുവനന്തപുരം : ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ ഇസ്രയേല്‍ പൊലീസ് സേനക്ക് യൂണിഫോം ഒരുക്കുന്നത് കേരളം. കണ്ണൂരില്‍ നിന്നാണ് ഇസ്രായേലി പൊലീസിന്റെ ഇളം നീല മുഴുക്കൈയ്യന്‍ യൂണിഫോം ഷര്‍ട്ടുകള്‍ തയ്യാറാക്കുന്നത്.

വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം പൊലീസ് ഷര്‍ട്ടുകളാണ് തൊടുപുഴയിലെ ബിസനസുകാരനായ തോമസ് ഒലിക്കന്റെ കണ്ണൂരിലെ വ്യവസായ പാര്‍ക്കിലെ മരിയന്‍ അപ്പാരല്‍സില്‍ നിന്നും നിര്‍മിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായും പൊലീസ് യൂണിഫോം കണ്ണൂരില്‍ നിന്നാണ് ഇസ്രയേലിലേക്ക് പോകുന്നത്. നേരത്തെ പാന്റ്‌സുകളും ഇവിടെനിന്നാണ് പോയിരുന്നതെങ്കിലും ഇപ്പോള്‍ ആ കരാര്‍ ഒരു ചൈനീസ് കമ്പനിയാണ് സ്വന്തമാക്കിയത്.

Police uniform

പൊലീസ് യൂണിഫോം തുണിക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ അമേരിക്കയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മുംബൈയിലെ കമ്പനി മിന്നില്‍ നിന്നും തുണികളാക്കി കണ്ണൂരില്‍ നിന്നാണ് തയ്ക്കുന്നത്. 850 തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം പരിശോധിക്കാന്‍ ഇസ്രയേലി പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തും.

ഫിലിപ്പീന്‍സ് സൈന്യത്തിന്റെ യൂണിഫോം കരാറും കമ്പനിക്കു ലഭിച്ചിട്ടുണ്ട്. 2006ല്‍ കിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങിയ കമ്പനി വിവിധ രാജ്യങ്ങളുടെ സൈനിക, പോലീസ് ,സെക്യൂരിറ്റി, ഹെല്‍ത്ത് സര്‍വീസ് യൂണിഫോമുകളാണ് തയ്ക്കുന്നത്.

കേരളത്തില്‍ വ്യവസായം പച്ചപിടിക്കില്ലെന്ന പല്ലവിയാണ് ഇതോടെ പൊളിയുന്നത്. വ്യവസായം തുടങ്ങിയാല്‍ കൊടിപിടിച്ച് പൂട്ടിക്കുന്ന തൊഴിലാളി സംസ്‌ക്കാരം കൈവിട്ട് പുതിയ സാധ്യതകള്‍ തേടുകയാണ് കണ്ണൂരും കേരളവും.

ബീഡി വ്യവസായം നശിച്ച് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗംകൂടിയായാണ് അപ്പാരല്‍ യൂണിറ്റ് 2008ല്‍ കണ്ണൂരിലേക്ക് മാറ്റി സ്ഥാപിച്ചത്. ബീഡിതെറുത്ത കൈകള്‍കൊണ്ടാണ് ഇവര്‍ ഇസ്രയേലി പോലീസുകാരുടെ യൂണിഫോം തുന്നിയത്.

Top