യൂണിഫോം സ്കൂളുകൾക്ക് തീരുമാനിക്കാം; ആരും അടിച്ചേൽപ്പിക്കില്ല

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയില്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. യൂണിഫോം എന്തുവേണമെന്നും എങ്ങനെ വേണമെന്നും ഓരോ വിദ്യാലയത്തിനും തീരുമാനിക്കാം. സര്‍ക്കാര്‍ പൊതുനിര്‍ദേശം നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാർ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സ്ത്രീകളുടെ മേലുള്‍പ്പെടെ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് കരുതുന്നത്. ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് മുന്‍കൈ എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകളും വിവാദങ്ങളും രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

Top