ഏകസിവില്‍ കോഡ്; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഏകസിവില്‍ കോഡ് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഏക സിവില്‍ കോഡ് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. ബഹുസ്വരതയുടെ വിഷയമാണ്. സെമിനാറുകളോ സമ്മേളനങ്ങളോ അല്ല പ്രധാനം, പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന് അതിനെ എതിര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ കഴിഞ്ഞദിവസം യു.ഡി.എഫ് നേതൃയോഗം ചേര്‍ന്നിരുന്നു. സംസ്ഥാനമൊട്ടാകെ ജൂലൈ 29ന് ബഹുസ്വരത കാമ്പയിന്‍ നടത്താന്‍ യു.ഡി.എഫ് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ആ കാമ്പയിനില്‍ ലീഗ് സജീവമായി പങ്കെടുക്കും.

ബഹുസ്വരതക്ക് മുസ്‌ലിം ലീഗ് വലിയ പ്രധാന്യമാണ് നല്‍കുന്നത്. പാര്‍ട്ടി നേതാക്കളുടെ മണിപ്പൂര്‍ സന്ദര്‍ശനം അക്കാര്യം തെളിയിക്കുന്നതാണ്. മുസ്ലിം ലീഗ് ബഹുസ്വരതയും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് കേരളമടക്കമുള്ള സ്ഥലങ്ങളില്‍ വര്‍ഗീയ ശക്തികള്‍ക്ക് സ്ഥാനമുറപ്പിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി തുടക്കംതെട്ടേ വിഷയം ചര്‍ച്ച ചെയ്തതാണ്. ഇത് മുസ്‌ലിം ജനവിഭാഗത്തെ മാത്രം ബാധിക്കുന്നതല്ലെന്നും രാജ്യത്തിന്റെ ബഹുസ്വരതയെ കൂടി ബാധിക്കുന്നതാണെന്നും ആദ്യം പറഞ്ഞത് മുസ്‌ലിം ലീഗാണ്. ഇപ്പോഴും പാര്‍ട്ടി നടത്തുന്ന കാമ്പയിനുകളില്‍ പറയുന്നതും അതാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top