ഏകസിവിൽ കോഡ്; മുസ്ലീംലീഗ് നിലപാട് ചോദ്യം ചെയ്യപ്പെടുന്നു, കോൺഗ്രസ്സിനെ വിശ്വസിച്ചവർക്ക് ‘പണി പാളി’

ക സിവിൽകോഡ് വിഷയം മുസ്ലീംലീഗിൽ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത് വമ്പൻ പ്രതിസന്ധിയാണ്. ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു തിരിച്ചടി നേരിട്ടാൽ കോൺഗ്രസ്സിനൊപ്പം തന്നെ ലീഗിനും മുങ്ങി താഴേണ്ടി വരുമെന്നാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഭയക്കുന്നത്. കടുത്ത ഇടതുപക്ഷ വിരോധവുമായി ഇടി മുഹമ്മദ് ബഷീർ – മുനീർ പക്ഷങ്ങൾ മുന്നോട്ട് പോകുന്നതാണ് ലീഗിനു മുന്നിലെ വഴികൾ അടക്കുന്നത്. ലീഗ് രാഷ്ട്രീയത്തെ സംബന്ധിച്ച് ഭാവിയിൽ വലിയ ഒരു വെല്ലുവിളി ആയി തന്നെ ഇതുമാറിയേക്കും.

ഏക സിവിൽ കോഡിനെതിരെ സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കേണ്ടതില്ലന്ന നിർണ്ണായകതീരുമാനം എടുക്കാൻ ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടിയ അതേകാരണം തന്നെയാണ് അവർക്കിപ്പോൾ വിനയായി മാറിയിരിക്കുന്നത്. “കോൺഗ്രസിനാണ് ഈ സമരത്തിൽ ദേശീയതലത്തിൽ പ്രധാന പങ്കുവഹിക്കാൻ സാധിക്കുകയെന്നും, കോൺഗ്രസ്സിനെ ക്ഷണിക്കാത്ത സെമിനാറിലേക്ക് പോകേണ്ടതില്ലെന്നതാണ് തീരുമാനമെന്നുമാണ്” ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. ഈ വാദത്തിന്റെ മുനയാണ് കോൺഗ്രസ്സ് നേതാക്കൾ തന്നെ ഇപ്പോൾ ഉടച്ചിരിക്കുന്നത്.

ഏകസിവിൽ കോഡ്‌ ഇപ്പോൾ ചർച്ചയാക്കേണ്ട ഒരാവശ്യവുമില്ലെന്നാണ് ശശി തരൂർ എംപി ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. തരൂരിന്‌ വ്യത്യസ്‌തമായ അഭിപ്രായം പറയാൻ അവകാശമില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചെങ്കിലും ഏക സിവിൽ കോഡ് വിഷയത്തിൽ എഐസിസി ഇതുവരെ വ്യക്തമായ നിലപാട്‌ സ്വീകരിച്ചിട്ടില്ലെന്ന കാര്യം സതീശനും തുറന്നു സമ്മതിച്ചിരിക്കുകയാണ്. അതായത് കോൺഗ്രസ്സിനു കേരളത്തിൽ ഒരു നയം ദേശീയതലത്തിൽ മറ്റൊരു നയം എന്നതു വ്യക്തം. ഈ കോൺഗ്രസ്സിനെയാണോ ‘രക്ഷകരായി’ ലീഗ് കാണുന്നതെന്ന ചോദ്യമാണിപ്പോൾ സോഷ്യൽ മീഡിയകളിലും ഉയർന്നിരിക്കുന്നത്.

സിവിൽകോഡിനെ തുറന്നെതിർക്കാൻ സി.പി.എം. തയ്യാറായിട്ടും കോൺഗ്രസ്‌ അഖിലേന്ത്യാ നേതൃത്വം എന്തു കൊണ്ടു തയ്യാറാകുന്നില്ല എന്ന ചോദ്യവും സ്വന്തം അണികളിൽ നിന്നു തന്നെ ലീഗ് നേതൃത്വമിപ്പോൾ നേരിട്ടു തുടങ്ങിയിട്ടുണ്ട്. സി.പി.എം. സെമിനാർ ആ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തന്നെയാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കെപിസിസി ജൂലൈ22ന്‌ കോഴിക്കോട്‌ സംഘടിപ്പിക്കുന്ന ജനസദസ്സിൽ കോൺഗ്രസ്സ് അഖിലേന്ത്യാ നേതാക്കൾ പങ്കെടുത്തില്ലങ്കിൽ അതും ലീഗ് നേതൃത്വത്തിനു തിരിച്ചടിയാകും.

കേരള നേതാക്കളുടെ സമ്മർദ്ദത്തിനിടയിലും കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ ഉന്നതനേതാക്കൾ ഏക സിവിൽകോഡ് വിഷയത്തിൽ ഇപ്പോഴും മൗനം തുടരുകയാണ്‌. ഉത്തരേന്ത്യയിൽ കോൺഗ്രസിലെ വലിയൊരു വിഭാഗവും സിവിൽ കോഡിനു വേണ്ടി നിലകൊള്ളുന്നതാണ് ദേശീയനേതൃത്വത്തെ പിറകോട്ടടിപ്പിക്കുന്നത്. അതു കൊണ്ടാണ് ഏകസിവിൽകോഡ്‌ ആവശ്യമാണെന്ന്‌ പരസ്യപ്രസ്‌താവനയിറക്കിയ ഹിമാചലിലെ പൊതുമരാമത്ത്‌ മന്ത്രി വിക്രമാദിത്യസിങ്ങിനോടു പോലും വിശദീകരണം ചോദിക്കാൻ കോൺഗ്രസ്സിനു സാധിക്കാതിരിക്കുന്നത്.

കോൺഗ്രസ്സിന്റെ ഈ അവസരവാദ നിലപാട് കേരളത്തിലും സജീവ ചർച്ചയായിരിക്കെയാണ് വീണ്ടും ശശിതരൂർ എരിതീയിൽ എണ്ണ ഒഴിച്ചു രംഗത്തു വന്നിരിക്കുന്നത്. മുസ്ലീംലീഗ് നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുന്ന നിലപാടു തന്നെയാണിത്. കോൺഗ്രസ്സിന്റെ ഈ ഇരട്ടസമീപനത്തിന് സ്വന്തം സമുദായത്തോടും അണികളോടും മറുപടി പറയാനില്ലാതെ കുഴങ്ങുന്ന ലീഗിന്റെ അവസ്ഥ വല്ലാത്തൊരു അവസ്ഥ തന്നെയാണ്. അതെന്തായാലും പറയാതെ വയ്യ…

സി.പി.എം. സെമിനാറിൽ പങ്കെടുക്കാതിരുന്നത് തെറ്റായ ഒരു തീരുമാനമായിപ്പോയി എന്നത് പാണക്കാട്ടെ തങ്ങൻമാരെങ്കിലും ഒരുപക്ഷേ ഇപ്പോൾ ചിന്തിച്ചിട്ടുണ്ടായിരിക്കണം. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനു ശേഷം ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഒപ്പം നിർത്താൻ സി.പി.എമ്മിനു ലഭിച്ച മറ്റൊരു ഒന്നാംന്തരം വിഷയമാണ് ഏക സിവിൽകോഡ്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ ആദ്യമായി പോർമുഖം തുറന്നതും , സി.പി.എം തന്നെയാണ്. ഏക സിവിൽകോഡ് വിഷയം, സ്വകാര്യ ബില്ലായി പാർലമെന്റിൽ വന്നപ്പോഴൊക്കെ അതിനെ ചെറുത്ത് നിന്നിരുന്നത് സി.പി.എം. അംഗങ്ങളായിരുന്നു. കോൺഗ്രസ്സ് അവിടെയും മുഖംതിരിക്കുകയാണ് ഉണ്ടായത്.

രാജ്യസഭയിലെ മുസ്ലിംലീഗ് അംഗം അബ്ദുൾ വഹാബ് തന്നെ ഇക്കാര്യം മുൻപ് തുറന്നടിച്ചിട്ടുമുണ്ട്. ആ പ്രതികരണവും ഇപ്പോൾ കോൺഗ്രസ്സിനെ മാത്രമല്ല ലീഗിനെയും തിരിഞ്ഞു കുത്തുന്നുണ്ട്. ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എം നടത്തിയ രാഷ്ട്രീയനീക്കം ‘തന്ത്രപരം’ തന്നെയായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. “എന്തു കൊണ്ടു കോൺഗ്രസ്സിനെ സെമിനാറിനു വിളിച്ചില്ല” എന്ന ചോദ്യം , ഇനി മുസ്ലീംലീഗ് നേതാക്കൾ പോലും ഉന്നയിക്കാൻ ധൈര്യപ്പെടുകയില്ല. ലീഗിന്റെ പ്രധാന വോട്ടുബാങ്കായ സമസ്ത സി.പി.എം സെമിനാറിൽ പങ്കെടുത്തതും ലീഗിനെ സംബന്ധിച്ച് വലിയ ക്ഷീണം തന്നെയാണ്. മുൻപ് പൗരത്വ നിയമഭേദഗതിക്കെതിരായ മനുഷ്യ ശ്യംഖലയിലും ലീഗ് എതിർപ്പ് അവഗണിച്ചാണ് സമസ്ത പങ്കെടുത്തിരുന്നത്.

“വീടിന് തീ പിടിക്കുമ്പോൾ അണയ്ക്കാൻ വരുന്നവർ കമ്യൂണിസ്റ്റുകാരാണോ അല്ലയോ എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ” എന്ന വലിയ ചോദ്യമാണ് സമ്മർദ്ദവുമായി വരുന്നവരോട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ചോദിക്കാനുള്ളത്. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ.കെ) വിഭാഗം അദ്ധ്യക്ഷനായ ഈ മത നേതാവാണ് , ലീഗിന്റെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ചിരിക്കുന്നത്. ‘കോൺഗ്രസിന്റെ ഒക്കച്ചങ്ങായിയായതിനാലാകാം’ ലീഗ് കോഴിക്കോട്ടെ ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ പങ്കെടുക്കാതിരുന്നത് എന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ ജിഫ്രി തങ്ങൾ തുറന്നടിച്ചിട്ടുണ്ട്.

“കമ്യൂണിസ്റ്റുകാർക്ക് അവരുടേതായ പ്രത്യയശാസ്ത്രമുണ്ട്. കോൺഗ്രസിന് അവരുടെ നയവുമുണ്ട്. ബഹുസ്വര സമൂഹത്തിൽ മതവിശ്വാസികളും അല്ലാത്തവരുമുണ്ടാകും. എന്നാൽ പൊതുവിഷയങ്ങളിൽ കൈ കോർക്കാൻ മതവും വിശ്വാസവും ഒന്നും തടസ്സമാകരുതെന്നതാണ് തങ്ങളുടെ നിലപാടെന്നാണ്”: അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.

പള്ളികൾ രാഷ്ട്രീയ പ്രചാരണ വേദിയാക്കരുത് എന്നതാണ് സമസ്തയുടെ നിലപാടെന്ന കാര്യവും, അഭിമുഖത്തിൽ ജിഫ്രി തങ്ങൾ എടുത്തു പറഞ്ഞിട്ടുണ്ട്. ഏകസിവിൽ കോഡിനെതിരായ കമ്യൂണിസ്റ്റ് നിലപാടിനോട് സമസ്തയ്ക്ക് യോജിപ്പാണുള്ളത്. കമ്യൂണിസ്റ്റുകാരെ വിശ്വസിക്കാനാകില്ലെന്ന സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയുടെ അഭിപ്രായത്തെ അദ്ദേഹത്തിന്റെ മാത്രം വ്യക്തിപരമായ അഭിപ്രായമാണെന്നു പറഞ്ഞ് തള്ളിക്കളയാനും ജിഫ്രി തങ്ങൾ തയ്യാറായിട്ടുണ്ട്. ഏകസിവിൽ കോഡ് പോലുള്ള വിഷയങ്ങളിൽ പൊതു ഐക്യമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

ഏകസിവിൽ കോഡ് പൗരത്വ നിയമഭേദഗതി പ്രശ്നങ്ങളിൽ ഇടതുപക്ഷ സർക്കാരിന് ഉറച്ച നിലപാടാണുള്ളതെന്നു പറഞ്ഞ ജിഫ്രി തങ്ങൾ ഇടതിനെ പിന്തുണയ്ക്കുന്നതിനെ ന്യായീകരിക്കാൻ മാത്രമല്ല, പറഞ്ഞവാക്ക് പാലിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നു വ്യക്തമാക്കാനും അഭിമുഖത്തിൽ ശ്രമിക്കുകയുണ്ടായി. വഖഫ്, പൗരത്വ ഭേദഗതി വിഷയങ്ങളിൽ, സമസ്തയ്ക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു കൂടി കൂട്ടിചേർത്താണ് ജിഫ്രി തങ്ങൾ – ദി ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖം അവസാനിപ്പിച്ചിരിക്കുന്നത്.

തീർച്ചയായും ഇത് മുസ്ലീംലീഗ് നേതൃത്തെത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന പ്രതികരണം തന്നെയാണ്. സമസ്തയുടെ ഉറച്ച പിന്തുണയില്ലാതെ മുസ്ലിം ലീഗിന് ഒരിക്കലും മുന്നോട്ടു പോകാൻ കഴിയുകയില്ല. അവരുടെ വോട്ടിന്റെ അടിത്തറ തന്നെ സമസ്തയിൽ കേന്ദ്രീകൃതമാണ്. ലീഗിനെ കൊണ്ട് സമസ്തക്കല്ല സമസ്തയെ കൊണ്ട് ലീഗിനാണ് യഥാർത്ഥത്തിൽ നേട്ടമുള്ളത്. ഇന്ന് സമസ്തയ്ക്ക് ഒരു കാര്യം നടത്തണമെങ്കിൽ ലീഗിന്റെ രാഷ്ട്രീയ പിൻബലം ആവശ്യമില്ല. ആവശ്യമുള്ളത് നടപ്പാക്കി കൊടുക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറുമാണ്. നിലപാടുകളിലെ വ്യക്തതയും ഉറച്ച തീരുമാനവും സമസ്ത നേതൃത്വത്തെ മാത്രമല്ല അവരുടെ അണികളെയും ‘ഇടത്തോട്ടു’ വലിയ രൂപത്തിൽ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്.

മാറ്റത്തിന്റെ ഈ കാറ്റ് ലീഗ് കോട്ടുകളെ തകർക്കുമോ എന്നതാണ് നേതൃത്വത്തെ അലട്ടുന്നത്. അതുകൊണ്ടു കൂടിയാണ് സി.പി.എം സെമിനാറുമായി സഹകരിക്കണമെന്ന വാദം ലീഗിലെ ഒരുവിഭാഗം ഉയർത്തിയിരുന്നത്. എന്നാൽ ഇടി മുഹമ്മദ് ബഷീർ വിഭാഗം കോൺഗ്രസ്സ് നേതൃത്വവുമായി ചേർന്നു നടത്തിയ ഇടപെടലോടെ അത്തരമൊരു നീക്കം തടയപ്പെടുകയാണ് ഉണ്ടായത്.

മുസ്ലീംലീഗ് പങ്കെടുത്തില്ലങ്കിലും മുസ്ലിം സമുദായത്തിലെ പ്രബലശക്തികളായ സുന്നി,- മുജാഹിദ് സംഘടനകളെല്ലാം തന്നെ സെമിനാറിൽ പങ്കെടുക്കുകയുണ്ടായി. ക്രൈസ്തവ പുരോഹിതർ, ആദിവാസി – പട്ടികജാതി വിഭാഗങ്ങളുടെ നേതാക്കൾ, എസ്എൻഡിപി യോഗം തുടങ്ങി എല്ലാ വിഭാഗങ്ങളെയും കോഴിക്കോട്ട് അണിനിരത്താനായി എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയ നേട്ടം തന്നെയാണ്. ഇടതിന്റെ ഈ നേട്ടം യു.ഡി.എഫിന് കോട്ടമാകുമോ എന്നത് ലോകസഭ തിരഞ്ഞെടുപ്പോടെയാണ് അറിയാൻ കഴിയുക. രാഷ്ട്രീയ കേരളം കാത്തിരിക്കുന്നതും ആ ജനവിധിക്കു വേണ്ടിയാണ് . . .

EXPRESS KERALA VIEW

Top