ഏക സിവില്‍ കോഡ്; ചര്‍ച്ചയ്ക്കല്ല രാഷ്ട്രീയ വടംവലിയ്ക്കാണ് സിപിഎം ശ്രമമെന്ന് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ ചര്‍ച്ചയ്ക്കല്ല സിപിഎം ശ്രമിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്‍. മുസ്ലീം ലീഗിനെ ഇടത്തേക്കും വലത്തേക്കും വലിച്ച് കുരുക്ക് മുറുക്കുന്ന രാഷ്ട്രീയ വടംവലിയ്ക്കാണ് സി.പി.എം. ശ്രമിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കേണ്ട എന്ന ലീഗിന്റെ തീരുമാനം വിവേകമുള്ളതാണെങ്കിലും സിവില്‍ കോഡിന് അനുകൂലമായി മുസ്ലീം സ്ത്രീകളുടെ സമ്മര്‍ദം ലീഗിനുണ്ടെന്നും ബി.ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

എക സിവില്‍ കോഡിന്റെ ചര്‍ച്ചക്കല്ല സി.പി.എം.ശ്രമിക്കുന്നത്. മുസ്ലിം ലീഗിനെ ഇടത്തോട്ടേക്കും വലത്തോട്ടേക്കും വലിച്ച് കുരുക്ക് മുറുക്കുന്ന വടം വലി മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. എം.വി ഗോവിന്ദന്‍ നീട്ടിയ അപ്പം കഴിക്കേണ്ടന്ന ലീഗിന്റെ തീരുമാനം വിവേകമാണങ്കിലും സിവില്‍ കോഡിന് അനുകൂലമായി മുസ്ലീം സ്ത്രീകളുടെ സമ്മര്‍ദ്ദം ലീഗിനുണ്ടന്ന കാര്യം വ്യക്തമാണ്. ഏകസിവില്‍ കോഡിനെ കുറിച്ച് ഇ.എം.എസ് പറഞ്ഞത് കൃത്യമാണ് പക്ഷെ ഞങ്ങള്‍ തയ്യാറല്ല എന്ന സമീപനമാണ് ഗോവിന്ദന്റേത്.- ബി.ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

സതിയും ശൈശവ വിവാഹവും നിര്‍ത്തലാക്കിയത് ആരുടേയും സമ്മതം ചോദിച്ചിട്ടല്ലെന്നും അതുപോലെ ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്നും ഇ.എം.എസ് പറഞ്ഞിട്ടുണ്ട്. ഇതിനെ കുറിച്ച് എം.വി.ഗോവിന്ദന് എന്ത് പറയാനുണ്ട്. പടച്ചോന്‍ നിര്‍മ്മിച്ചത് പടച്ചോര്‍ക്ക് മാറ്റാന്‍ പറ്റില്ലന്ന് പറഞ്ഞ എ.കെ.ബാലന്‍ ശരിയത്ത് ക്രിമിനല്‍ നിയമം വേണമെന്നാണോ പറയുന്നത്. പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ യൂണിഫോം സിവില്‍ കോഡിനെ മറയാക്കി ഒതുക്കാനാണ് സി.പി.എം. നടത്തുന്ന ഈ സെമിനാര്‍ കോലാഹലം.

നീതിയ്ക്ക് മതവും ജാതിയുമില്ല. തുല്യ നീതി ഉറപ്പാക്കാന്‍ തെരുവില്‍ ചുംബന സമരം നടത്തിയവര്‍ മന്ത്രിസഭയിലുള്ളപ്പോള്‍ തുല്യ നീതി വിഭാവനം ചെയ്യുന്ന പൊതു നിയമത്തെ സി.പി.എം. എതിര്‍ക്കുന്നത് അപലപനീയമാണ്. പൊതു സിവില്‍ കോഡിന്റെ ഡ്രാഫ്റ്റ് പോലുമാകാത്ത സാഹചര്യത്തിലാണ് സി.പി.എം. സെമിനാര്‍ സംഘടിപ്പിക്കുന്നത് എന്നത് വിചിത്രമാണ്. സി.പി.എമ്മിന് ധൈര്യവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ ബി.ജെ.പിയുമായി സംവാദത്തിന് തയ്യാറാകണം അതിന് തയ്യാറല്ലങ്കില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയക്കളി നിര്‍ത്തണം.

എല്ലാവര്‍ക്കും തുല്യ നീതി പ്രദാനം ചെയ്യാന്‍ ഭരണഘടനപരമായ ദൗത്യം നിര്‍വ്വഹിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സൂഹത്തില്‍ ഭിന്നത ഉണ്ടാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഇത് തീ കൊള്ളി കൊണ്ട് തല ചെറിയുന്ന സമീപനമാണ്. ഗുരുതര ഭവിഷ്യത്താണ് ഇത് സൃഷ്ടിക്കുകയെന്ന് സി.പി.എം. തിരിച്ചറിയണം. മുസ്ലിം ലീഗിനെ കൂടെ കൂട്ടാനുള്ള സി.പി.എം. നേതൃത്വത്തിന്റെ വര്‍ഗ്ഗീയ ശ്രമം സി.പി.എമ്മിലെ ഹിന്ദുക്കള്‍ തിരിച്ചറിയുന്ന കാലം വിദൂരമല്ല- ബി.ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Top