പെന്‍ഷന്‍ പ്രായം ഏകീകരിക്കൽ; അംഗീകരിക്കില്ലെന്ന് എഐവൈഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടിയില്‍ പ്രതികരിച്ച് എഐവൈഎഫ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നടപടി അംഗീകരിക്കില്ലെന്ന് എഐവൈഎഫ് അറിയിച്ചു. അതേസമയം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചത്.

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്. ഇതുമൂലം ഒന്നരലക്ഷം പേർക്കാണ് ആനുകൂല്യം കിട്ടുക. 29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവർക്ക് കൂടുതൽ സർവ്വീസ് ലഭിക്കും.

കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും
അറ് ധനകാര്യകോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിച്ചത്. ഈ മൂന്ന് സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കും. മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യം ശക്തമാക്കുകയാണ് സർവ്വീസ് സംഘടനകൾ.

Top