അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; അഞ്ച് പേര്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വിഴിത്തിരിവ്. ചന്ദന മോഷണത്തിനായി വനത്തിലെത്തിയ ആറംഗ സംഘത്തിലൊരാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. മോഷണം പുറത്തറിയാതിരിക്കാന്‍ മൃതദേഹം ഉപേക്ഷിച്ച് മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 18നാണ് വീട്ടിക്കുണ്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് ആനയുടെ കാല്‍പ്പാടുകളും മറ്റും കണ്ടിരുന്നതിനാല്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന നിഗമനത്തില്‍ എത്തി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഒക്ടോബര്‍ 20ന് തച്ചമ്പാറ തേക്കുംപുറം മൊയ്തുവിന്റെ മകന്‍ ഷിന്‍ ഷാജുദ്ദീന്റെ മൃതദേഹമാണെന്ന് കണ്ടെത്തി.

ഷാജുദ്ദീന്റെ മൊബൈല്‍ ഫോണും പേഴ്സും കാണാതായതില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചന്ദന മോഷണത്തിന്റെ കഥ പുറത്ത് വരുന്നത്.

സെപ്റ്റംബര്‍ 21ന് ആനക്കട്ടി മലവാരത്തുള്ള വട്ടലക്കി-പുളിയപ്പതി വനഭാഗത്ത് നിന്നും 4 ചന്ദനമരങ്ങള്‍ അഞ്ച് പേരടങ്ങുന്ന സംഘം മുറിച്ച് മുട്ടികളാക്കി. ഇതില്‍ രണ്ട് ചന്ദനമരങ്ങള്‍ കച്ചവടം ചെയ്യുകയും ബാക്കി രണ്ട് ചന്ദനമരങ്ങള്‍ വനത്തിനകത്ത് ഒളിപ്പിക്കുകയും ചെയ്തു. ഇതിനിടെ സെപ്റ്റംബര്‍ 25ന് വനംവകുപ്പിന്റെ പരിശോധനയില്‍ ഈ ചന്ദനമരങ്ങള്‍ കണ്ടെത്തി.

ഒക്ടോബര്‍ 15ന് വീണ്ടും വനഭാഗത്തേക്ക് പോയ അഞ്ച് പേര്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. കാട്ടാനയുടെ തുമ്പിക്കൈയ്യില്‍ ഷാജുദ്ദീന്‍ കുടുങ്ങി. കാട്ടാന ഷാജുദ്ദീനെ ആക്രമിക്കുന്ന സമയത്ത് കൂട്ടാളികള്‍ സമീപത്തുണ്ടായിരുന്നു.

ഷാജുദ്ദീന്‍ മരിച്ചെന്ന് മനസിലാക്കിയ ഇവര്‍ ഇയാളുടെ മൊബൈല്‍ ഫോണും പേഴ്സും ബാഗുമായി സ്ഥലം വിട്ടു. കോട്ടത്തറയില്‍ എത്തിയ ഇവര്‍ ബാഗ് കത്തിച്ചു. പേഴ്സിലെ പണം ഇവര്‍ ഉപയോഗിക്കുകയും മൊബൈല്‍ ഫോണ്‍ കോയമ്പത്തൂരിലെത്തി വില്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ അബ്ദുള്‍ സലാം, മുജീബ്, ആനമൂളി സ്വദേശി ഫസല്‍, കോട്ടത്തറ സ്വദേശി നൗഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേരള ഫോറസ്റ്റ് ആക്ട് 27,47 വകുപ്പുകളും ഐപിസി 379 വകുപ്പുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

Top