കുട്ടികള്‍ക്ക് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സ്ഥലമായി ഗസ്സ മാറി; യുനിസെഫ്

യനൈറ്റഡ് നേഷന്‍സ്: യുദ്ധം പുനരാരംഭിച്ചതോടെ കുട്ടികള്‍ക്ക് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സ്ഥലമായി ഗസ്സ വീണ്ടും മാറിയെന്ന് കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഐക്യ രാഷ്ട്രസഭ സംഘടനയായ യുനിസെഫ്. ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചതോടെ, മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ തീവ്രമായ തോതിലാണ് അക്രമമെന്നും ദിവസവും നൂറുകണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടേക്കുമെന്നും യുനിസെഫ് മേധാവി കാതറിന്‍ റസ്സല്‍ പറഞ്ഞു.

‘ഭയാനകമായ പേടിസ്വപ്നത്തില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ക്ക് ഇക്കഴിഞ്ഞ ഏഴ് ദിവസം പ്രതീക്ഷയുടെ തിളക്കം ഉണ്ടായിരുന്നു. ഗസ്സയില്‍ ബന്ദികളാക്കിയ 30ലധികം കുട്ടികളെ സുരക്ഷിതമായി മോചിപ്പിച്ചു. അവര്‍ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഗസ്സയില്‍ ജീവന്‍രക്ഷാ സാധനങ്ങളുടെ വിതരണം ഊര്‍ജിതമാക്കാന്‍ സഹായിച്ചിരുന്നു’ -റസ്സല്‍ പ്രസ്താവനയില്‍ പറഞ്ഞു.

കുട്ടികളുടെ സുരക്ഷക്ക് ശാശ്വതമായ വെടിനിര്‍ത്തല്‍ ആവശ്യമാണ്. അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കുവാനും അതിന് അനുസൃതമായി കുട്ടികള്‍ക്ക് സംരക്ഷണവും സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. ഫലസ്തീനിലെയും ഇസ്രായേലിലെയും എല്ലാ കുട്ടികള്‍ക്കും സമാധാനം വേണം -യുനിസെഫ് മേധാവി പറഞ്ഞു.

Top