കശ്മീര്‍ വിഷയം; യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ 115 പേജുള്ള പരാതി

ജനീവ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാന്‍ ഇന്ന് 115 പേജുള്ള പരാതി സമര്‍പ്പിച്ചേക്കും.

ഇന്ത്യക്കെതിരെയുള്ള പരാതിക്ക് പിന്തുണ തേടി പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി കൗണ്‍സിലില്‍ ഒരു പ്രമേയം അവതരിപ്പിക്കാനും സാധ്യതയുണ്ട്. കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാക്കിസ്ഥാന്റെ നടപടി.

കശ്മീര്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തെ മറികടക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ എതിര്‍ക്കുക എന്നതിനൊപ്പം ആ രാജ്യത്തിനകത്തെ മനുഷ്യാവകാശങ്ങളുടെ ദുരവസ്ഥ ലോകത്തെ വെളിപ്പെടുത്താനും ഇന്ത്യ ശ്രമിക്കും.

പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയയുടെ നേതൃത്വത്തിലുള്ള സംഘം ജനീവയിലുണ്ട്. മനുഷ്യാവകാശ കമ്മിഷന്‍ മേധാവി മിച്ചല്‍ ബാച്‌ലെയെക്കണ്ട് സംഘം ഇതിനകം കശ്മീരിലെ സ്ഥിതിഗതികളും ഇന്ത്യയുടെ നിലപാടും ധരിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാം സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഈ മാസം 13 വരെയാണ് സമ്മേളനം.

Top