സ്വിഗ്ഗി ചതിച്ചു ! പരിഹാരം കാണണമെന്ന് മോദിക്കും മമതയ്ക്കും പരാതിയുമായി നടന്‍

കൊല്‍ക്കത്ത: സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാത്തതില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധ ക്ഷണിച്ച് നടന്‍. പശ്ചിമ ബംഗാള്‍ നടന്‍ പ്രസേന്‍ജിത് ചാറ്റര്‍ജിയാണ് സ്വിഗ്ഗിയില്‍ നിന്നും തനിക്ക് നേരിട്ട അനുഭവം പ്രധാനമന്ത്രി മോദിയെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ടാഗ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

നവംബര്‍ മൂന്നിന്, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗിയിലൂടെ പ്രസേന്‍ജിത് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. കുറച്ചു സമയത്തിനു ശേഷം ഓര്‍ഡര്‍ വിതരണം ചെയ്തെന്ന് കാണിച്ചെന്നും, എന്നാല്‍ തനിക്കല്ല അത് ലഭിച്ചതെന്നും പ്രസേന്‍ജിത് പറയുന്നു. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ കമ്പനി മുന്‍കൂര്‍ അടച്ച പണം തിരികെ തന്നെന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, ആര്‍ക്കു വേണമെങ്കിലും ഈ പ്രശ്നം നേരിടേണ്ടി വന്നേക്കാമെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെയും മമതയുടെയും ശ്രദ്ധ വിഷയത്തില്‍ പതിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് പ്രസേന്‍ജിത് പറയുന്നു. ആരെങ്കിലും അതിഥികള്‍ക്കു നല്‍കാന്‍ ഭക്ഷണം ഫുഡ് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുകയും അത് ലഭിക്കാതിരിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കും? ആരെങ്കിലും അത്താഴത്തിന് ഈ ഫുഡ് ആപ്ലിക്കേഷനുകളെ ആശ്രയിച്ചാല്‍ എന്തു സംഭവിക്കും? അവര്‍ വിശന്നിരിക്കണോ എന്നീ ചോദ്യങ്ങളും നടന്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ ഉന്നയിച്ചിട്ടുണ്ട്.

Top