ധോണിയോടുള്ള പ്രതികരണം ഇന്ത്യക്കാരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന അസൂയ ; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍നായകന്‍ മഹേന്ദ്രസിങ് ധോണിയോടുള്ള പ്രതികരണം ഇന്ത്യക്കാരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള അസൂയയുടെ പ്രതിഫലനമാണ്, നന്ദിയില്ലാത്ത ജീവികളെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ധോണിയുടെ വിരമിക്കല്‍ വിഷയത്തില്‍ ട്വിറ്ററിലൂടെയാണ് സ്വാമിയുടെ വിമര്‍ശനം.

എന്നാല്‍ എപ്പോള്‍ വിരമിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ധോണിയുടേതു മാത്രമാണെന്നും ഈ വിഷയത്തിലുള്ള എല്ലാ ചര്‍ച്ചയും നിര്‍ത്തണമെന്നും അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയും രംഗത്തെത്തിയിരുന്നു. ധോണിയുടെ വിരമിക്കല്‍ വിഷയത്തില്‍ അഭിപ്രായം പറയുന്ന പകുതി ആളുകളും സ്വന്തം ഷൂവിന്റെ ലേസ് കെട്ടാന്‍ പോലും കഴിയാത്തവരാണെന്നും ശാസ്ത്രി വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബംഗ്ലദേശ് പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ഋഷഭ് പന്തിനെയാണ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്. തങ്ങള്‍ ധോണിയില്‍നിന്ന് വഴിമാറിയെന്നും ഋഷഭ് പന്തിലാണ് ശ്രദ്ധയെന്നും സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് വ്യക്തമാക്കിയിരുന്നു. പുതിയ തലമുറയെ വാര്‍ത്തെടുക്കണമെന്ന അഭിപ്രായക്കാരനാണ് ധോണിയെന്നും അദ്ദേഹം അറിയിച്ചിരുന്നു

Top