ബി.ജെ.പിക്ക് ‘ഊര് വിലക്ക്’ എന്തിനാണ് ? കടയടപ്പ് സമരം കലാപത്തിനാണോ ?

താലിബാനിസം ആര് നടത്താന്‍ ശ്രമിച്ചാലും അത് നാടിന് അപകടകരമാണ്. രാഷ്ട്രീയ – മത ഭേദമന്യേ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണിത്. കേരളത്തില്‍ ഇപ്പോള്‍ ചിലയിടങ്ങളില്‍ കണ്ടു വരുന്ന പ്രവണത ഞെട്ടിക്കുന്നതാണ്.

പൗരത്വ നിയമഭേദഗതിയില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും അവരുടെ രാഷ്ട്രീയം വിശദീകരിക്കാനുള്ള അവകാശമുണ്ട്. അവരുടെ യോഗങ്ങള്‍ നടത്തുന്ന സ്ഥലങ്ങളിലെ അപ്രഖ്യാപിത ഹര്‍ത്താലുകള്‍ അപകടകരമായ നീക്കമാണ്. അപ്രഖ്യാപിത ഹര്‍ത്താലുകളും ഇതിനെതിരെയുള്ള പ്രകോപന പ്രസംഗങ്ങളും കേരളത്തില്‍ ക്രമസമാധാന ഭീഷണിയായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ നമുക്ക് കഴിയണം.

bjp -rss,

സംഘപരിവാറിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ തന്നെ അവര്‍ക്കും അവരുടെ നിലപാടുകള്‍ പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ ഇന്ത്യയിലുണ്ടെന്ന കാര്യം ആരും മറന്നുപോകരുത്. ഊരുവിലക്കും ഒറ്റപ്പെടുത്തലുമൊന്നും പരിഷ്‌കൃതസമൂഹത്തിന് യോജിച്ച സമരരീതിയല്ല. ഹിന്ദു മതത്തിലെ ബഹുഭൂരിപക്ഷം പേരും ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിനൊപ്പമല്ല. അതുപോലെതന്നെ മുസ്ലീം മതത്തിലെ ഭൂരിപക്ഷവും മുസ്ലിം മത തീവ്രവാദത്തെ തള്ളിപ്പറയുന്നവരുമാണ്.

സമാധാനത്തിന്റെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും മതേതരപാരമ്പര്യമാണ് എന്നും കേരളം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. കച്ചവടത്തിനെത്തിയ അറബികള്‍ക്ക് ഹിന്ദു സ്ത്രീകളെ വിവാഹംകഴിക്കാനുള്ള അനുമതി പോലും സാമൂതിരി നല്‍കിയിരുന്നു. അങ്ങിനെ വിവാഹം കഴിച്ചയക്കുന്നവര്‍ മുസ്ലിം മതവിശ്വാസമനുസരിച്ചാണ് കഴിഞ്ഞിരുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമെല്ലാം പരസ്പര സഹവര്‍ത്തിത്വത്തോടും ബഹുമാനത്തോടുംതന്നെയാണ് കേരളത്തില്‍ കഴിഞ്ഞുപോരുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കായംകുളത്തെ മുസ്ലീം ജമാഅത്ത് പള്ളിയല്‍ നടന്ന ഹിന്ദു കല്യാണം.

കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് പള്ളി മുറ്റത്തൊരുക്കിയ പന്തലില്‍ അഞ്ജുവും ശരത്തും ഹൈന്ദവാചാരപ്രകാരമാണ് വിവാഹിതരായത്. മതേതര കേരളത്തിന്റെ ഉന്നതമായ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്ന സംഭവമായിരുന്നു ഇത്.

വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്. ജമാഅത്ത് കമ്മിറ്റിക്കു വേണ്ടി വിവാഹത്തിന്റെ ചെലവുകള്‍ ഏറ്റെടുത്ത നസീര്‍ എന്നയാള്‍ അച്ഛന്റെ സ്ഥാനത്തു നിന്ന് ദക്ഷിണ വാങ്ങി അഞ്ജുവിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ചിറക്കുകയാണുണ്ടായത്.

ഭര്‍ത്താവ് മരിച്ചതോടെ ജീവിതം വഴിമുട്ടിയ ബിന്ദു മകളുടെ വിവാഹം നടത്താന്‍ പള്ളിക്കമ്മറ്റി സെക്രട്ടറിയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്നാണ് വിവാഹം ഏറ്റെടുത്ത് നടത്താന്‍ ജമാഅത്ത് കമ്മിറ്റി മുന്നിട്ടുവന്നിരുന്നത്. 2500 പേര്‍ക്കുള്ള സദ്യയും ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തന്നെയാണ് തയാറാക്കിയിരുന്നത്. ക്ഷണിച്ചതിലും ഏറെപ്പേര്‍ നന്മയും സ്‌നേഹവും വിളംബരം ചെയ്യുന്ന ചടങ്ങ് കേട്ടറിഞ്ഞും എത്തിയിരുന്നു. ഇതില്‍ രാഷ്ട്രീയ നേതാക്കളും ജില്ലാജഡ്ജിയുമെല്ലാം ഉള്‍പ്പെടുന്നുണ്ട്.

കേരളത്തിന്റെ മതസാഹോദര്യ ചരിത്രത്തിലെ പുതിയൊരേടായാണ് ഈ വിവാഹത്തെ മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. മതത്തിന്റ പേരില്‍ മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്ന സമയത്താണ് ഒരു നാട് ആ വേലിക്കെട്ടുകള്‍ തകര്‍ത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.

വിവാഹത്തില്‍ മാത്രമല്ല, ഉത്സവങ്ങളിലും നേര്‍ച്ചകളിലും പെരുന്നാളുകളിലുമെല്ലാം പരസ്പരം സഹകരിക്കുകയും വിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ജനങ്ങളുടെ നാടാണിത്. ഇവിടെ കമ്മ്യൂണിസ്റ്റുകളും നവോത്ഥാന പ്രസ്ഥാനങ്ങളുമെല്ലാം മതേതരത്വത്തെയാണ് ഊട്ടിവളര്‍ത്തിയിട്ടുള്ളത്.

എന്നാല്‍ ഇതിനിടയിലും ഒരു ചെറുന്യൂനപക്ഷം വര്‍ഗീയത വളര്‍ത്തി ആളെക്കൂട്ടാന്‍ എല്ലായിപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതവരിപ്പോഴും തുടരുന്നുമുണ്ട്. കേരളത്തിലെ മതേതര വിശ്വാസികളാണ് ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത്.

ഇന്ത്യ വിഭജിച്ച് മുസ്ലീങ്ങള്‍ക്ക് പാക്കിസ്ഥാന്‍ എന്ന വാദം ഉയര്‍ത്തിയപ്പോള്‍ പാക്കിസ്ഥാനു വേണ്ടി കേരളത്തിലും ശബ്ദമുയര്‍ന്നിരുന്നു. അന്ന് പാക്കിസ്ഥാന്‍ വാദത്തിനെതിരെ ശക്തമായ നിലപാടെടുത്തത് കോണ്‍ഗ്രസിലെ ദേശീയ മുസ്ലീം നേതാക്കളായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇ.മൊയ്തു മൗലവിയുമൊക്കെയായിരുന്നു.

പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഖബറിസ്ഥാന്‍ വിളികള്‍ ഇവിടെയും ഉയര്‍ന്നിരുന്നു. ‘പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍’ എന്ന മുദ്രാവാക്യക്കാരോട് നമുക്ക് ചെറിയ പാക്കിസ്ഥാനല്ല ലക്ഷ്യം, വിശാല ഭാരത വിമോചനമാണെന്നാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പറഞ്ഞിരുന്നത്. പാക്കിസ്ഥാന്‍ വാദത്തിന്റെ മുനയൊടിച്ച്, മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ആപല്‍ക്കരവും ഒരു വിഷമപ്രശ്നവും കൂടിയാണെന്നാണ് അബ്ദുറഹിമാന്‍ സാഹിബ് ചൂണ്ടികാണിച്ചിരുന്നത്.

ഹിന്ദു ഭൂരിപക്ഷം നമ്മെ വിഴുങ്ങിക്കളയുമെന്ന വിശ്വാസമാണ് പാക്കിസ്ഥാന്‍ വാദത്തിനു കാരണമെങ്കില്‍ അത് വിശ്വസിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് 850 കൊല്ലത്തോളം നാം ഹിന്ദു രാജാക്കന്‍മാരുടെ കീഴില്‍ ജീവിച്ചു. ആ കാലങ്ങളില്‍ നാം ഇന്നുളളതിന്റെ പകുതിയോ അതിന്റെ പകുതിയോ ഉണ്ടായിരുന്നുവോ എന്ന ചോദ്യവും സാഹിബ് ഉയര്‍ത്തിയിരുന്നു. മലബാറിലാണെങ്കില്‍ 13 ആള്‍വന്നത് 13 ലക്ഷമായതാണോ ഭയത്തിന്റെ കാരണമെന്നും അബ്ദുറഹിമാന്‍ സാഹിബ് ചോദിച്ചിരുന്നു. കഴിഞ്ഞ 150 കൊല്ലത്തിനുള്ളില്‍ 20 മാപ്പിള ലഹളകള്‍ ഉണ്ടായെന്നും മാപ്പിള ഔട്ട് റേജസ് ആക്ട് വെച്ചുകെട്ടി നമ്മെ അടിച്ചമര്‍ത്തുന്ന സമ്പ്രദായമാണ് മുസല്‍മാന്‍മാരുടെ ശത്രുവെന്നുമാണ് അദ്ദേഹം അന്ന് തുറന്ന് പറഞ്ഞിരുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തിനെതിരെ ശക്തമായ നിലപാടെടുത്ത അബ്ദുറഹിമാന്‍ സാഹിബിന്റെ ഈ വാക്കുകള്‍ പുതിയ കാലത്തും പ്രസക്തം തന്നെയാണ്.

മതരാഷ്ട്രവാദത്തെ തോല്‍പ്പിച്ച് ഈ നാട്ടില്‍ കഴിഞ്ഞവരാണ് ഇവിടുത്തെ മുസ്ലീങ്ങള്‍. അവരെ ആട്ടിയോടിക്കാന്‍ ആര്‍ക്കും തന്നെ കഴിയുകയില്ല.

മതവിദ്വേഷവും വിഭജനവും ലക്ഷ്യമിട്ടുതന്നെയാണ് മോഡിയും അമിത്ഷായും പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും കൊണ്ടുവന്നിരിക്കുന്നത്. അവര്‍ക്ക് ആര്‍.എസ്.എസിന്റെ സംഘടനാ സംവിധാനവും തുണയായിട്ടുണ്ട്. ഇതിനെ ജാതി, മത ഭേദമില്ലാതെ ജനാധിപത്യരീതിയിലാണ് ചെറുക്കേണ്ടത്. അല്ലാതെ പ്രാകൃത രീതിയിലല്ല. ഇടതുപക്ഷവും കോണ്‍ഗ്രസുമടങ്ങുന്ന ജനാധിപത്യ, മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയിലുണ്ട്. ഈ ജനാധിപത്യ പ്രതിരോധത്തിന്റെയും പ്രക്ഷോഭത്തിന്റെയും ദിശമാറ്റി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ബി.ജെ.പിയുടെ വിശദീകരണ യോഗ സ്ഥലങ്ങളിലെ അപ്രഖ്യാപിത ഹര്‍ത്താലും ബഹിഷ്‌ക്കരണവും ഈ നീക്കത്തിന്റെ ഭാഗമാണ്. യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് ആളെക്കൂട്ടാനേ ഇത്തരം നടപടികള്‍ വഴിവെക്കുകയുള്ളൂ.

വാട്സാപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും നടത്തുന്ന ബഹിഷ്‌ക്കരണ അഹ്വാനങ്ങളല്ല യഥാര്‍ത്ഥ പ്രതിരോധം. ബി.ജെ.പിയുടെ വിശദീകരണത്തിനെതിരെ അതേ പോലെ മൈക്കുകെട്ടി വിശദീകരണവും മറുപടിയുമാണ് നല്‍കേണ്ടത്. അതിനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. ആ ജനാധിപത്യ അവകാശമാണ് എതിര്‍ക്കുന്നവരെല്ലാം ശരിക്കും വിനിയോഗിക്കേണ്ടത്.

പൗരത്വ നിയമഭേദഗതിക്കെതിരായി മുസ്ലിം സംഘടനകള്‍ മാത്രം റാലിയും സമരവും നടത്തുന്നത് ആപത്താണെന്ന് മുന്‍പ് ഞങ്ങള്‍ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരെയും ഒരുമിപ്പിച്ചുവേണം ഭരണഘടനക്കെതിരായ നീക്കത്തെ ചെറുക്കാനെന്ന നിലപാട് തന്നെയാണ് പ്രായോഗികം. മതം നോക്കി പൗരത്വം നിഷേധിക്കുന്നതിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ മുന്നോട്ട് പോകുന്നത് മതംനോക്കാതെയാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും സിക്കുകാരുമടക്കം ഈ സമരത്തിന്റെ മുന്‍പന്തിയിലാണുള്ളത്.

ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ തുറന്ന മനസോടെയാണ് മുസ്ലിം സമുദായ സംഘടനകളും ഇപ്പോള്‍ മുഖവിലക്കെടുത്തിരിക്കുന്നത്. മതസംഘടനകള്‍ തനിച്ച് സമരം നടത്തേണ്ടെന്നും ഭരണഘടനാ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ യോജിച്ച സമരങ്ങള്‍ മതിയെന്നുമാണ് തീരുമാനം. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. സ്വാഗതാര്‍ഹമായ നിലപാടാണിത്. അപ്രാഖ്യാപിത കടയടപ്പ് സമരങ്ങളെ തള്ളിപ്പറയാനും മുസ്ലീം സംഘടനകള്‍ മുന്നോട്ട് വരണം.

പൗരത്വ വിഷയത്തില്‍ പോപുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള തീവ്ര നിലപാടുള്ള സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളീയ പൊതുസമൂഹം തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ഹര്‍ത്താലിനെതിരെ ശക്തമായ നിലപാടാണ് സിപിഎമ്മും മുസ്ലിംലീഗുമെല്ലാം സ്വീകരിച്ചിരുന്നത്.

പൗരത്വ സമരത്തില്‍ പങ്കെടുക്കുന്നവരുടെ വസ്ത്രം കണ്ടാല്‍ അറിയാമെന്നു പറഞ്ഞ് സമരത്തിന് മതത്തിന്റെ നിറം നല്‍കാനാണ് പ്രധാനമന്ത്രി മോഡി ശ്രമിച്ചത്. എന്നാല്‍ ഷര്‍ട്ടൂരി ദേഹത്തെ പൂണൂല്‍ കാണിച്ചാണ് പലരും പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നത്. ജാമിയ മിലിയ സര്‍വകലാശാലയിലെ കുട്ടികളും കൊടും തണുപ്പില്‍ ഷര്‍ട്ടൂരിയാണ് പ്രതിഷേധിച്ചത്.

മുസ്ലീങ്ങള്‍ മാത്രമല്ല മുസ്ലീങ്ങള്‍ക്കു വേണ്ടി ഇതര മതവിഭാഗക്കാരും കൈകോര്‍ത്താണ് ഇവിടെ സമരം നടത്തുന്നത്. മോഡി പ്രധാനമന്ത്രിയായ ശേഷം ഹിന്ദുത്വ ഫാസിസത്തിനെതിരെ പ്രതികരിച്ചതിന് വെടിയേറ്റു മരിച്ചവരില്‍ കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും, നരേന്ദ്ര ദബോല്‍ക്കറും ഗൗരീ ലങ്കേഷുമെല്ലാം മുസ്ലിങ്ങളായിരുന്നില്ല. ഫാസിസത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ജീവന്‍വെടിയേണ്ടി വന്ന മതേതരവാദികളായിരുന്നു അവര്‍. കടയടപ്പ് പ്രതിഷേധക്കാര്‍ ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.

ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി വന്നതോടെ, രാമക്ഷേത്രം എന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ആയുധം വരും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാവാത്ത സാഹചര്യമാണുള്ളത്. ഇതിനെ മറികടക്കാന്‍ അവര്‍ മുന്നോട്ടുവെച്ച ഒന്നാന്തരം ഒരു ആയുധമാണ് പൗരത്വ നിയമ ഭേദഗതി ബില്‍. സാമുദായിക ചേരിതിരിവിലൂടെ രാഷ്ട്രീയ നേട്ടമായിരുന്നു സംഘപരിവാര്‍ ലക്ഷ്യമിട്ടിരുന്നത്. പക്ഷേ ആര്‍.എസ്.എസിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഇതിനെതിരെ ശക്തമായ പ്രതികരണമാണ് രാജ്യത്ത് ഉയര്‍ന്നിരിക്കുന്നത്. തെരുവിലിറങ്ങിയതാകട്ടെ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരുമടങ്ങുന്ന മതേതര വാദികളുമാണ്. ദേശീയപതാകയും ഭരണഘടനയും ഉയര്‍ത്തിയാണ് ഇവരെല്ലാം പ്രക്ഷോഭം നടത്തുന്നത്.

എന്നാല്‍ സംഘപരിവാറിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ സംഘപരിവാറിന് വിളവെടുക്കാന്‍ അവസരമൊരുക്കുന്നതാണ് ഇപ്പോഴത്തെ അപ്രഖ്യാപിത ഹര്‍ത്താലുകള്‍. ഇത് തിരിച്ചറിയാന്‍ രാഷ്ട്രീയ -മത നേതൃത്വങ്ങള്‍ക്കും കഴിയണം. രാജ്യത്ത് പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരം സെക്യുലറിസത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാകണമെന്നും അത് വര്‍ഗീയതയിലേക്ക് പോകരുതെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ വാക്കുകളും ഈ ഘട്ടത്തില്‍ രാഷ്ട്രീയ കേരളം മുഖവിലക്കെടുക്കേണ്ടതുണ്ട്.

നാട്ടില്‍ കലാപമുണ്ടാക്കാനാണ് കാവിപ്പടയും, മുസ്ലിം മതമൗലികവാദികളും ആഗ്രഹിക്കുന്നത്. അവരുടെ കെണിയില്‍ നിരപരാധികള്‍ വീണുപോകാതിരിക്കാനുള്ള ജാഗ്രത രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും സ്വീകരിക്കേണ്ടതുണ്ട്. ബി.ജെ.പിക്ക് യോഗം നടത്താന്‍പോലും കഴിയാത്ത സ്ഥലമാണ് കേരളമെന്ന പ്രചരണത്തിന് നമ്മളായിട്ട് ഒരിക്കലും വഴിയൊരുക്കരുത്. കേരളത്തിന്റെ മതേതര പാരമ്പര്യവും സംസ്‌ക്കാരവും രാഷ്ട്രീയ ബോധവും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങളും മതസംഘടനകളും സ്വീകരിക്കേണ്ടത്.

Political Reporter

Top