യുനെസ്‌കോയില്‍ നിന്ന് യു എസും ഇസ്‌റയേലും പിന്മാറി; ഇരു രാഷ്ട്രങ്ങളും സംഘടനയ്ക്ക് നോട്ടീസ് നല്‍കി

വാഷിംഗ്ടണ്‍: യുനസ്‌കോയില്‍ നിന്ന് പിന്മാറുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ച് യുഎസും ഇസ്രായേലും. ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയില്‍ നിന്ന് അംഗത്വം ഒഴിയുകയാണെന്ന് അറിയിച്ച് ഇരു രാജ്യങ്ങളും നോട്ടീസ് നല്‍കി കഴിഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി അമേരിക്ക മുന്‍ െൈകയെടുത്ത് സ്ഥാപിച്ചതായിരുന്നു യുനെസ്‌കോ. അമേരിക്കയുടെയും ഇസ്രായേലിന്റെയും തീരുമാനം സംഘടനയ്ക്ക് കടുത്ത ആഘാതം ഏല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍.

2017 ഒക്ടോബറില്‍ തന്നെ ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം യുനെസ്‌കോയില്‍ നിന്ന് പുറത്തുപോകുകയാണെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിറകെ ഇസ്രായേലും സമാനമായ നടപടിയുമായി രംഗത്തെത്തി. യുനെസ്‌കോ ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇരു രാഷ്ട്രങ്ങളും നോട്ടീസ് നല്‍കിയിരുന്നത്.

കിഴക്കന്‍ ജറൂസലമില്‍ അന്താരാഷ്ട്ര നിയമങ്ങളെ മുഴുവന്‍ കാറ്റില്‍പ്പറത്തി ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തെ യുനെസ്‌കോ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇവിടുത്തെ പുരാതനമായ ജൂത സ്ഥലം പലസ്ഥീനികളുടെ പൈതൃക ഭൂമിയാണെന്നും യുനെസ്‌കോ തുറന്നടിച്ചിരുന്നു. ഇതിന് പുറമെ 2011ല്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കാനും യുനെസ്‌കോ തയ്യാറായിരുന്നു. ഇതിനെതിരെ അമേരിക്കയും ഇസ്രായേലും ശക്തമായി പ്രതിഷേധിച്ചിരുന്നു. യുനെസ്‌കോയുടെ ഘടനയില്‍ തന്നെ മാറ്റം വരുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരുന്നത്.

 

 

Top