തൊഴിലില്ലായ്മ പ്രശ്‌നം തന്നെ, ചര്‍ച്ച വേണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി

തൊഴിലില്ലായ്മ പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സാമ്പത്തിക മാന്ദ്യവും, തൊഴില്‍ നഷ്ടവും ആശങ്കയായി ഉന്നയിച്ചപ്പോഴാണ് പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചത്.

എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലില്ലായ്മ പ്രശ്‌നം കൂടി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സഭ ചേരുമ്പോള്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞ സഭയെ പോലെ ഉപകാരപ്രദമായ രീതിയില്‍ ജോലി ചെയ്യണമെന്ന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ സഖ്യകക്ഷി യോഗത്തില്‍ നിന്നും ശിവസേന വിട്ടുനിന്നിരുന്നു. ഈ ഘട്ടത്തില്‍ ജനങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയ വമ്പിച്ച ഭൂരിപക്ഷത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രധാനമന്ത്രി സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഒരുമിച്ച് നില്‍ക്കാന്‍ അദ്ദേഹം എന്‍ഡിഎ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. ‘നമ്മള്‍ വലിയൊരു കുടുംബമാണ്. നമുക്ക് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം. അവര്‍ നല്‍കിയ വമ്പിച്ച ഭൂരിപക്ഷം മാനിക്കണം’, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഒരേ ആശയത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും സമാനമനസ്‌കരായ പാര്‍ട്ടികളാണ് നമ്മള്‍, ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഇത് തകരാന്‍ അനുവദിക്കരുത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ അമ്പരപ്പിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. അതേസമയം സഭ ചേരുന്ന സമയത്ത് പാര്‍ട്ടി അംഗങ്ങള്‍ കൃത്യമായി ഹാജരാകാനും, സുപ്രധാന വിഷയങ്ങള്‍ സഭയില്‍ അവതരിപ്പിക്കുകയും വേണമെന്ന് ബിജെപി എംപിമാര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കി.

Top