സമുദ്രാന്തര്‍ കേബിളുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട് ഫേസ്ബുക്കും ഗൂഗിളും

സിംഗപ്പൂരിനെയും ഇന്തോനേഷ്യയെയും വടക്കേ അമേരിക്കയെയും ബന്ധിപ്പിച്ച് കടലിനടിയില്‍ രണ്ട് പുതിയ കേബിളുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ഫേസ്ബുക്ക്. ഈ മേഖലകള്‍ തമ്മിലുള്ള ഇന്‍റര്‍നെറ്റ് കണക്ഷന്‍റെ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഗൂഗിളുമായും പ്രാദേശിക ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളുമായും ചേര്‍ന്നാണ് കേബിളുകളിടുന്നത്.

എക്കോ, ബൈഫ്രോസ്റ്റ് എന്നീ പേരുകളാണ് കേബിളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ജാവ കടലില്‍ വ്യത്യസ്ത റൂട്ടില്‍ സ്ഥാപിക്കുന്ന ആദ്യ രണ്ട് കേബിളുകളാണിവയെന്ന് ഫേസ്ബുക്കിന്‍റെ നെറ്റ്‌വര്‍ക്ക് ഇന്‍വെസ്റ്റ്‌മെന്‍റ്സ് വിഭാഗം വൈസ് പ്രസിഡന്‍റ് കെവിന്‍ സാല്‍വദോറി പറഞ്ഞു. ഇതോടെ ട്രാന്‍സ് പസഫിക് സമുദ്രത്തിനടിയിലെ ആകെ ശേഷി 70 ശതമാനത്തോളം വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കേ അമേരിക്കയെയും ഇന്തോനേഷ്യയിലെ ചില പ്രധാന ഭാഗങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ കേബിളുകളാണ് സ്ഥാപിക്കുന്നത്. ആല്‍ഫബെറ്റിനു കീഴിലെ ഗൂഗിളുമായും ഇന്തോനേഷ്യന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ എക്‌സ്എല്‍ ആക്‌സിയാട്ടയുമായും ചേര്‍ന്നാണ് എക്കോ നിര്‍മിക്കുന്നത്. 2023 ഓടെ ഈ പദ്ധതി പൂര്‍ത്തിയാകും.

ഇന്തോനേഷ്യയിലെ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ദാതാക്കളായ ടെല്‍ക്കോംസെല്ലിന്‍റെ ഉപകമ്പനിയായ ടെലിന്‍, സിംഗപ്പൂരിലെ അടിസ്ഥാനസൗകര്യ വികസന കമ്പനിയായ കെപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ബൈഫ്രോസ്റ്റ് സ്ഥാപിക്കുന്നത്. 2024 ഓടെ ഇത് പൂര്‍ത്തിയാക്കും. രണ്ട് കേബിളുകള്‍ സ്ഥാപിക്കുന്നതിനും റെഗുലേറ്ററി അനുമതി ആവശ്യമാണ്.

ആഗോളതലത്തില്‍ ഫേസ്ബുക്കിന്‍റെ അഞ്ച് വലിയ വിപണികളിലൊന്നായ ഇന്തോനേഷ്യയില്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനായി രണ്ട് കേബിളുകള്‍ സ്ഥാപിക്കാന്‍ ഫേസ്ബുക്ക് നേരത്തെ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. ഇന്തോനേഷ്യയിലെ ഇരുപത് നഗരങ്ങളിലായി 3,000 കിലോമീറ്റര്‍ നീളം വരുന്ന മെട്രോ ഫൈബര്‍ സ്ഥാപിക്കുമെന്ന് ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. പൊതുയിടങ്ങളില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സജ്ജീകരിക്കുന്ന മുന്‍ കരാറിന് പുറമേയാണിത്.

Top