കേന്ദ്ര ആവശ്യം അംഗീകരിച്ചു; അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടി ആരംഭിച്ച് ട്വിറ്റർ

ഡൽഹി: അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന ആവശ്യം അംഗീകരിച്ച് ട്വിറ്റര്‍. ട്വിറ്ററിന് സാമ്പത്തിക പിഴ മുതല്‍ മുതിര്‍ന്ന ട്വിറ്റര്‍ ഉദ്യോഗസ്ഥരുടെ അറസ്റ്റ് അടക്കമുള്ള ഭീഷണികള്‍ ഉള്ളതിനാലാണ് ഒടുവില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങിയത് എന്നാണ് റിപ്പോർട്ട്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഐടി ആക്ടിന്‍റെ സെക്ഷന്‍ 69 എ പ്രകാരം നീക്കം ചെയ്യേണ്ട അക്കൗണ്ടുകളുടെ വിവരങ്ങള്‍ അടക്കം ട്വിറ്ററിന് നോട്ടീസ് നല്‍കിയിരുന്നു.

ഈ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പ്രകോപനപരവും, വസ്തുത വിരുദ്ധവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ആയിരത്തോളം അക്കൌണ്ടുകളുടെ ലിസ്റ്റാണ് കേന്ദ്രം ട്വിറ്ററിന് മുന്നില്‍ സമര്‍പ്പിച്ചത്. ഇതില്‍ #ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൗണ്ടുകളടക്കം ഉണ്ട്.

നിലവില്‍ 709 അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്തുവെന്നാണ് വിവരം. ഇതില്‍ 129 എണ്ണം #ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇതിനൊപ്പം കര്‍ഷക സമരവുമായി ബന്ധപ്പെട്ട വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച പാകിസ്ഥാന്‍ -ഖാലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 583 അക്കൗണ്ടുകള്‍ക്കെതിരെ ഇപ്പോള്‍ ട്വിറ്റര്‍ നടപടി എടുത്തിട്ടുണ്ടെന്നാണ് വിവരം.

Top