അണ്ടര്‍-19 WC; ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് 214 റണ്‍സിന്റെ ജയം

ണ്ടര്‍-19 ഏകദിന ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 296 വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ന്യൂസീലന്‍ഡ്, 28.1 ഓവറില്‍ 81 റണ്‍സെടുക്കുന്നതിനിടെ പുറത്തായി. ഇതോടെ ഇന്ത്യക്ക് 214 റണ്‍സിന്റെ ആധികാരിക ജയം. തകര്‍പ്പന്‍ സെഞ്ചുറിയും (126 പന്തില്‍ 131) രണ്ട് വിക്കറ്റുകളും വീഴ്ത്തിയ മുഷീര്‍ ഖാനാണ് ഇന്ത്യന്‍ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചത്.

ടോസ് നഷ്ടപ്പെട്ട് ഇന്ത്യയെ ബാറ്റിങ്ങിനു പറഞ്ഞയച്ച ന്യൂസീലന്‍ഡിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടായിരുന്നു കൗമാരനിരയുടെ പ്രകടനം. മുഷീര്‍ ഖാന്റെ സെഞ്ചുറിയുടെയും ആദര്‍ശ് സിങ്ങിന്റെ അര്‍ധ സെഞ്ചുറിയുടെയും ബലത്തിലായിരുന്നു ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ്, ആരംഭത്തില്‍ തന്നെ തകര്‍ച്ചയെ അഭിമുഖീകരിച്ചു. സകോര്‍ ബോര്‍ഡ് അനങ്ങുന്നതിനു മുന്നെത്തന്നെ രണ്ട് വിക്കറ്റുകള്‍ വീണു.

19 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓസ്‌കര്‍ ജാക്‌സണാണ് കിവീ നിരയിലെ ടോപ് സ്‌കോറര്‍. സാക് കമ്മിങ്ങും (16), വിക്കറ്റ് കീപ്പര്‍ അലക്‌സ് തോപ്‌സണും (12) ജെയിംസ് നെല്‍സണും (10) രണ്ടക്കം കടന്നു. സ്‌നേഹിത് റെഡ്ഢിയും ടോം ജോണ്‍സും റയാന്‍ സര്‍ഗാസും മാസന്‍ ക്ലാര്‍ക്കും പൂജ്യത്തിന് പുറത്തായി. എവാള്‍ഡ് ഷ്ര്യൂഡര്‍ (7), ഒളിവര്‍ തെവാത്തിയ (7), സ്റ്റാക്‌പോള്‍ (5) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ഇന്ത്യക്കുവേണ്ടി സൗമി പാണ്ഡി (നാല്), രാജ് ലിംബാനി, മുഷീര്‍ ഖാന്‍ (രണ്ട് വീതം), നമന്‍ തിവാരി, അര്‍ഷിന്‍ കുല്‍ക്കര്‍ണി (ഒന്നുവീതം) വിക്കറ്റുകള്‍ നേടി.

നേരത്തേ 126 പന്തില്‍ 131 റണ്‍സ് നേടിയ മുഷീര്‍ഖാന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. ന്യൂസീലന്‍ഡിനുവേണ്ടി റയാന്‍ സര്‍ഗസ് നാലും എവാള്‍ഡ് ശ്ര്യൂഡര്‍ മൂന്നും വിക്കറ്റുകള്‍ നേടി.

ഇന്ത്യക്കുവേണ്ടി ഓപ്പണര്‍ ആദര്‍ശ് സിങ് 58 പന്തില്‍ 52 റണ്‍സ് നേടി. മൂന്ന് സിക്‌സും 13 ഫോറുകളും അടങ്ങിയതായിരുന്നു മുഷീര്‍ ഖാന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ (34), വിക്കറ്റ് കീപ്പര്‍ ആരവല്ലി ആവനിഷ് (17), സച്ചിന്‍ ദാസ് (15), പ്രിയാന്‍ഷു മോലിയ (10), അര്‍ഷിന്‍ കുല്‍ക്കര്‍ണി (9), മുരുകന്‍ അഭിഷേക് (4), നമന്‍ തിവാരി (3), രാജ് ലിംബാനി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ന്യൂസീലന്‍ഡിനായി മസന്‍ ക്ലാര്‍ക്ക് രണ്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്.

Top