അണ്ടര്‍-19 WC; നേപ്പാളിനെതിരെ ഇന്ത്യക്ക് 298 റണ്‍സ് വിജയലക്ഷ്യം

 അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ നേപ്പാളിനു മുന്നില്‍ 298 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഉദയ് സഹറാന്റെ തീരുമാനങ്ങളെ ശരിവയ്ക്കും വിധമായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. 50 ഓവറില്‍ 297 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. ഉദയ് സഹറാന്റെയും സച്ചിന്‍ ദാസിന്റെയും സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

101 പന്തില്‍ 116 റണ്‍സാണ് സച്ചിന്‍ ദാസിന്റെ സംഭാവന. 11 ഫോറും മൂന്ന് സിക്‌സും അടങ്ങുന്ന ഇന്നിങ്‌സായിരുന്നു ഇത്. ഒന്‍പത് ഫോറുകളുടെ അകമ്പടിയോടെ 107 പന്തില്‍ 100 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ഇരുവരെയും ഗുല്‍സന്‍ ഝായാണ് മടക്കിയത്. ഓപ്പണര്‍ ആദര്‍ശ് സിങ് (21), പ്രിയാന്‍ഷു മോലിയ (19), അര്‍ഷിന്‍ കുല്‍ക്കര്‍ണി (18) എന്നിവരാണ് പുറത്തായ മറ്റു മൂന്നുപേര്‍. നേപ്പാളിനായി ഗുല്‍സന്‍ ഝാ (3), ആകാശ് ചന്ദ് (1) എന്നിവര്‍ വിക്കറ്റുകള്‍ നേടി.

കഴിഞ്ഞ കളിയിലെ മിന്നുംതാരം മുഷീര്‍ ഖാന്‍ ഒന്‍പത് റണ്‍സുമായി പുറത്താവാതെ നിന്നു. 62 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ, പിന്നീട് സഹാറന്റെയും സച്ചിന്റെയും ചിറകിലേറിയാണ് വലിയ ടോട്ടലിലെത്തിയത്. 277 റണ്‍സിലെത്തിയപ്പോഴാണ് പിന്നീട് ഒരു വിക്കറ്റ് വീണത്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ.

Top