അണ്ടര്‍ 17 ലോകകപ്പ്‌ ; ഘാനയെ തോല്‍പിച്ച് മാലി സെമി ഫൈനലില്‍

ഗുവാഹത്തി: അണ്ടര്‍ 17 ലോകകപ്പില്‍ ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച് മാലി സെമിയില്‍.

ഹജി ഡ്രെയിം(15), ജെമോസ ട്രവോര്‍(61) എന്നിവരുടെ ഗോളുകളാണ് മാലിയെ വിജയത്തിലെത്തിച്ചത്.

ഘാനയ്ക്കായി കുട്‌സ് മുഹമ്മദ് ആശ്വാസ ഗോള്‍ നേടി.

സ്‌പെയിന്‍, ഇറാന്‍ ടീമുകളില്‍ ആരെങ്കിലുമാകും സെമി ഫൈനലില്‍ മാലിയുടെ എതിരാളികള്‍.

ആഫ്രിക്കന്‍ ടീമുകളുടെ പതിവു രീതിയായ ആക്രമണ ഫുട്‌ബോളാണ് ഇരുടീമുകളും തുടക്കം മുതല്‍ പുറത്തെടുത്തത്. ഘാനയെക്കാള്‍ മാലിയാണ് ആദ്യ മിനിറ്റു മുതല്‍ മുന്നിട്ടു നിന്നതും.

ഘാനയുടെ പ്രതിരോധ നിരയെ കബളിപ്പിച്ചു നടത്തിയ മിന്നലാക്രമണത്തിലാണ് മാലി ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ ഹജി ഡ്രെയിം മാലിക്കു വേണ്ടി ആദ്യ ലീഡെടുത്തു.

മാലിയുടെ ഫൗളുകളിലൂടെ ഘാനയ്ക്ക് തുടര്‍ച്ചയായി ഫ്രീ കിക്കുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതു ഫലപ്രദമായി മുതലാക്കാന്‍ അവര്‍ക്കു സാധിച്ചില്ല.

41-ാം മിനിറ്റില്‍ മനോഹരമായ ക്രോസിലൂടെ ഘാന ഗോള്‍വല കുലുക്കിയെങ്കിലും മാലി താരത്തെ തള്ളിയിട്ടതിന് ഘാനയുടെ ഇബ്രാഹിം സല്ലിക്കെതിരെ റഫറി ഫൗള്‍ വിധിച്ചു.

രണ്ടാം പകുതിയില്‍ മാലി വീണ്ടും ലീഡുയര്‍ത്തി. 61-ാം മിനിറ്റില്‍ ജെമോസ ട്രവോറിന്റെ വലംകാല്‍ ഷോട്ടാണ് രണ്ടാം ഗോള്‍ മാലിക്കു സമ്മാനിച്ചത്.

മാലി ഗോള്‍ പോസ്റ്റിനു മുന്നില്‍ പന്തെത്തി നില്‍ക്കെ ഫോഡ് കൊനാറ്റെയുടെ ഫൗളാണ് ഘാനയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്.

കിക്കെടുത്ത കുട്‌സ് മുഹമ്മദ് പന്ത് ഭംഗിയായി മാലി വലയിലെത്തിച്ചു.

മഴ നിറഞ്ഞ മത്സരത്തില്‍ ചെളിക്കുളമായ അവസ്ഥയിലായിരുന്നു കളി അവസാനിക്കുമ്പോള്‍ ഗുവാഹത്തി സ്റ്റേഡിയം.

ഈ വര്‍ഷം മേയില്‍ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ടൂര്‍ണമെന്റില്‍ ഇരു ടീമുകളും നേര്‍ക്കു നേര്‍ വന്നിരുന്നു. അന്നും ഘാനയെ ഒരു ഗോളിന് തോല്‍പ്പിച്ച് മാലി വിജയം കൈവരിച്ചിരുന്നു.

Top