രാജ്യാന്തര മല്‍സരങ്ങളുടെ പരിചയക്കുറവ്‌ ഇന്ത്യന്‍ ടീമിന് വെല്ലുവിളിയെന്ന് കോച്ച്‌

ന്യൂഡല്‍ഹി: രാജ്യാന്തര മല്‍സരങ്ങളുടെ പരിചയക്കുറവാണ് ഇന്ത്യന്‍ ടീം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ടീമിന്റെ പരിശീലകന്‍ ലൂയിസ് നോര്‍ട്ടന്‍ ഡി മാതോസ്.

ഇന്ത്യന്‍ ടീം മികച്ച ഫോമിലാണെന്നും, തന്റെ നിര്‍ദേശങ്ങള്‍ ടീം പാലിക്കുന്നുണ്ടെന്നും, രാജ്യാന്തര മല്‍സരങ്ങളുടെ പരിചയക്കുറവ് ടീമിനുണ്ടെന്നും, എന്നാല്‍ വിജയം എന്നതിനപ്പുറം നന്നായി കളിക്കാനാണ് താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നും ലൂയിസ് നോര്‍ട്ടന്‍ ഡി മാതോസ് വ്യക്തമാക്കി.

കടുത്ത വെല്ലുവിളി ഉണ്ടെങ്കിലും ലോകകപ്പിന്റെ സമ്മര്‍ദ്ദമില്ലാതെയാണ് ഇന്ത്യന്‍ ടീം മല്‍സരത്തിനിറങ്ങുന്നതെന്നും പരിശീലകന്‍ ലൂയിസ് നോര്‍ട്ടന്‍ ഡി മാതോസ് പറഞ്ഞു.

മാത്രമല്ല, ലോകകപ്പിനായി രാജ്യം പൂര്‍ണ സജ്ജമായെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

ടീമില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും, 2019-ല്‍ നടക്കേണ്ട അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് ഫിഫയെ അറിയിക്കുമെന്നും ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ പ്രഫുല്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി.

അതേസമയം, നിലവിലുള്ള സ്റ്റേഡിയങ്ങള്‍ക്ക് പുറമേ ആറ് സ്റ്റേഡിയങ്ങള്‍ കൂടി ലോക നിലവാരത്തിലേക്കുയര്‍ത്തുമെന്നും, രണ്ടായിരത്തി പത്തൊമ്പതില്‍ നടക്കേണ്ട അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് ഒക്ടോബര്‍ 26 മുതല്‍ 28 വരെ കൊല്‍ക്കത്തയില്‍ ചേരുന്ന ഫിഫ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇന്ത്യ ഔദ്യോഗികമായി അറിയിക്കും.

ഒക്ടോബര്‍ ആറിനു ഡല്‍ഹിയില്‍ നടക്കുന്ന ആദ്യമല്‍സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും.

Top