ഐഎസിനെ പൊളിച്ചടുക്കാന്‍ യുഎസിന് മുന്‍പെ സൊലേമാനി ഉണ്ടായിരുന്നു; ഓര്‍മ്മിപ്പിച്ച് റഷ്യ

യുഎസ് ഡ്രോണ്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമ്മാന്‍ഡര്‍ കാസെം സൊലേമാനി ഭീകരവാദികള്‍ക്ക് എതിരായ പോരാട്ടത്തില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ഭീകരവാദികളെ തുരത്തുന്നതില്‍ കൊല്ലപ്പെട്ട ഇറാന്‍ കമ്മാന്‍ഡര്‍ ഉണ്ടായിരുന്നുവെന്നാണ് റഷ്യ ചൂണ്ടിക്കാണിച്ചത്. കൂടാതെ സൊലേമാനിയുടെ മരണം അന്താരാഷ്ട്ര സുരക്ഷയെ ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

വാഷിംഗ്ടണ്‍ ഉത്തരവ് പ്രകാരം നടത്തിയ ഡ്രോണ്‍ അക്രമണത്തില്‍ ഇറാനിയന്‍ ജനറല്‍ കൊല്ലപ്പെട്ടതിനെ റഷ്യന്‍ പ്രതിരോധ മന്ത്രാലയം അപലപിച്ചു. ദൂരക്കാഴ്ചയില്ലാത്ത നടപടി വഴി മിഡില്‍ ഈസ്റ്റ് മേഖലയില്‍ സംഘര്‍ഷം പൊടുന്നനെ മൂര്‍ച്ഛിക്കാന്‍ മാത്രമാണ് ഇത് വഴിയൊരുക്കുകയെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. കഴിവുറ്റ, പരിചയസമ്പന്നനായ കമ്മാന്‍ഡറെന്ന് റഷ്യ വിശേഷിപ്പിക്കുന്ന സൊലേമാനി മിഡില്‍ ഈസ്റ്റില്‍ മുഴുവന്‍ ആധിപത്യം നേടിയ വ്യക്തി കൂടിയായിരുന്നുവെന്ന് റഷ്യ പറയുന്നു.

‘അന്താരാഷ്ട്ര തീവ്രവാദി സംഘങ്ങളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വായ്ദ എന്നിവരോട് നേരിട്ടുള്ള സൈനിക പ്രതിരോധത്തിന് മേല്‍നോട്ടം വഹിച്ചത് സൊലേമാനിയാണ്. യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം രൂപീകരിക്കുന്നതിന് മുന്‍പ് സിറിയയിലും, ഇറാഖിലും ഈ ഭീകരര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സൊലേമാനി നേരിട്ട് നേതൃത്വം നല്‍കിയിരുന്നു’, റഷ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്ട്ര ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇറാന്‍ ജനറലിന്റെ നേട്ടങ്ങള്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് റഷ്യ കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ ആഗോള സുരക്ഷയെ ഈ മരണം സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. ഇറാന്റെ ഭാവി അക്രമണങ്ങളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാന്‍ ഈ വധം അനിവാര്യമായിരുന്നുവെന്ന് പെന്റഗണ്‍ അവകാശപ്പെടുന്നു. എന്നാല്‍ നടപടി അന്താരാഷ്ട്ര തീവ്രവാദത്തിന് തുല്യമാണെന്ന് ഇറാന്‍ മറുപടി നല്‍കി.

Top