അപ്രഖ്യാപിത വിലക്കിനിടെ മലബാർ പര്യടനം തുടർന്ന് ശശി തരൂർ

കണ്ണൂർ: കോൺ​ഗ്രസിന്റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മലബാർ പര്യടനം തുടർന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. ഇന്ന കണ്ണൂരിൽ സന്ദർശനം നടത്തുന്ന തരൂർ വിവിധ പരിപാടികളിൽ പങ്കെടുക്കും. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തുന്ന തരൂർ, തുടർന്ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും.

അതിനിടെ ശശി തരൂരിനെ വെച്ച് കണ്ണൂരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി വ്യക്തമാക്കി.
കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുത്തതിന് നടപടി ഭയക്കുന്നില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കുന്നുണ്ട്.

കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എംപിയും വ്യക്തമാക്കി.

കോഴിക്കോട് കെപി കേശവമേനോൻ ഹാളിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന ‘സംഘപരിവാറും മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളികളും’ എന്ന പരിപാടി കോൺഗ്രസ് ഉന്നതനേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. ശനിയാഴ്ച വൈകിട്ട് നിർദേശം വന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പിന്മാറി. ഇതോടെ ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടിയുടെ സംഘാടകരായി വരികയായിരുന്നു.

Top