‘ഉണ്ട’യില്‍ മമ്മൂക്കയുടെ പ്രകടനം വാക്കുകള്‍ക്ക് അതീതം ; അഭിനന്ദനവുമായി അരുണ്‍ ഗോപി

മ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രം ഇന്നലെ മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചു. പ്രേക്ഷകരും നിരൂപകരും സിനിമാ ലോകത്തു നിന്നും ഏറെ ആളുകള്‍ ഉണ്ട കണ്ടതിന് ശേഷം മികച്ച അഭിപ്രായമാണ് പങ്കു വെക്കുന്നത്.

പ്രശസ്ത സംവിധായകന്‍ അരുണ്‍ ഗോപി ആണ് ഇപ്പോള്‍ ഉണ്ട എന്ന ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ കഥ പറഞ്ഞിരിക്കുന്ന സിനിമയാണ് ഉണ്ട എന്നും ഇത് പ്രേക്ഷകര്‍ക്ക് വളരെ പുതുമയാര്‍ന്ന ഒരു സിനിമാനുഭവം സമ്മാനിക്കും എന്നും അരുണ്‍ ഗോപി തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ പറയുന്നു. മമ്മൂട്ടി ഗംഭീര പ്രകടനം ആണ് നടത്തിയിരിക്കുന്നതെന്നും അരുണ്‍ ഗോപി വ്യക്തമാക്കുന്നു.

ചിത്രത്തില്‍ ‘ഇന്‍പെക്ടര്‍ മണിസാര്‍’ എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. കേരളത്തില്‍ നിന്ന് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ നക്‌സലേറ്റുകളുടെ കേന്ദ്രമായ നോര്‍ത്ത് ഇന്ത്യയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് വേണ്ടി വരുകയും പിന്നീട് അരങ്ങേറുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍, ജേക്കബ് ഗ്രിഗറി, റോണി, രഞ്ജിത്ത്, ഭഗവന്‍ തിവാരി, ഓംകാര്‍ ദാസ് മണിപ്പൂരി, അഭിരാം തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ഈ ചിത്രത്തില്‍ ചെറിയ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

മൂവി മില്‍സിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍, ജമിനി സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പ്രശാന്ത് പിള്ളയുടെ സംഗീതവും സജിത്ത് പുരുഷന്റെ ദൃശ്യങ്ങളും മികച്ചു നില്‍ക്കുന്നു. നിഷാദ് യൂസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നതു.

Top