ലക്ഷ്യം തെറ്റിയ ‘ഉണ്ടക്ക്’ എന്തിനാണ് കേരള പൊലീസ് കവചം തീർക്കുന്നത് ?

സിനിമകളുടെ പ്രമോഷന്‍ പരിപാടിയും കേരള പൊലീസിനുണ്ടോ? സംസ്ഥാന പൊലീസ് മേധാവിയാണ് ഈ ചോദ്യത്തിന് മറുപടി പറയേണ്ടത്. മമ്മൂട്ടിയുടെ ഉന്നം തെറ്റിയ ‘ഉണ്ടയെ’ ലക്ഷ്യസ്ഥാനത്തെത്തിക്കുവാന്‍ ശ്രമിക്കുന്ന പൊലീസ് ഉന്നതര്‍ ഒരു കാര്യം ശരിക്കും ഓര്‍ക്കണം, ആ ഉണ്ട ചെന്ന് തറയ്ക്കുന്നത് നിങ്ങളുടെ നെഞ്ചില്‍ തന്നെയാകും.

മമ്മൂട്ടിയുടെ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മോശം സിനിമയാണ് ഉണ്ട. മമ്മൂട്ടി എന്ന അഭിനയ പ്രതിഭാസത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സിനിമയാണിത്. ഒരു അവാര്‍ഡ് ടൈപ്പ് പടമായി വേണമെങ്കില്‍ വിലയിരുത്താവുന്നതുമാണ്.

രാജ്യത്ത് മാവോവാദി സ്വാധീനം ഏറ്റവുമധികമുള്ള മേഖലയായി വിലയിരുത്തപ്പെടുന്ന, അത്തരത്തില്‍ പലപ്പോഴും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കാറുള്ള ഛത്തിസ്ഗഡിലെ ബസ്തര്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുകയാണ് കേരളത്തില്‍ നിന്നുള്ള ഒരു പൊലീസ് ബറ്റാലിയന്‍. അതില്‍ നേതൃസ്ഥാനത്തുള്ള ഉദ്യോഗസ്ഥരില്‍ ഒരാളാണ് സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന മമ്മൂട്ടി കഥാപാത്രം.

സിനിമയില്‍ പലതും യാഥാര്‍ത്ഥ്യമാണെന്ന് പറയുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്‌റ ഏതൊക്കെയാണ് അതെന്നു കൂടി തുറന്ന് പറയണം. അല്ലെങ്കില്‍ പൊലീസ് സംവിധാനത്തിന് തന്നെ നാണക്കേടാവും. മാവോയിസ്റ്റ് സ്വാധീനമേഖലയില്‍ കേരള പൊലിസ് ഡ്യൂട്ടിക്ക് പോകുന്നത് ഉണ്ടയില്ലാതെയാണോ? അവിടെ ചെന്ന് പരസ്പരം അടി കൂടുന്നതും ആദിവാസിയായ പൊലീസുകാരനെ അപമാനിക്കുന്നതും നടക്കുന്ന കാര്യമാണോ?

വളരെ ലാഘവത്തോടെയും നിഷ്‌ക്രിയരായുമാണ് ‘ഉണ്ടയില്‍’ പൊലീസ് കഥാപാത്രങ്ങള്‍ പെരുമാറുന്നത്. നായക വേഷത്തില്‍ എത്തുന്ന മമ്മൂട്ടിക്ക് പോലും ഒരു ഘട്ടത്തില്‍ പ്രതികരിക്കാന്‍ പറ്റാതെ ശരീരം തളര്‍ന്നു പോകുന്നുണ്ട്. മറ്റൊരു പൊലീസുകാരനാണെങ്കില്‍ പേടിച്ച് വിറച്ച് പനിപോലും പിടിച്ചു കിടപ്പിലുമായി.

മാവോയിസ്റ്റ് ആക്രമണമാണോ എന്നു പോലും ഉറപ്പിക്കാതെ കയ്യിലുള്ള ഉണ്ടയെല്ലാം പൊട്ടിച്ച് കളഞ്ഞ ‘അണ്ടി പോയ അണ്ണന്റെ’ അവസ്ഥയിലാണ് പൊലീസുകാരെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരില്‍ പോലും രോഷം ഉണ്ടാക്കുന്ന സീനുകളാണിത്. ഒടുവില്‍ ബൂത്ത് പിടിച്ചെടുക്കാന്‍ വരുന്നവരെ വെടിവയ്ക്കുന്ന പൊലീസുകാരന് പലവട്ടം ഉന്നം പിഴക്കുന്നതും നാണം കെടുത്തുന്ന സീനുകളാണ്. ലാത്തിയുമായി വന്ന് നായകന്റെ നേതൃത്വത്തില്‍ അക്രമികളെ തുരത്തിയാണ് ഒടുവില്‍ സിനിമ അവസാനിക്കുന്നത്.

എത്ര ബോറന്‍ സേനയാണ് കേരള പൊലീസ് എന്ന് വിലയിരുത്താന്‍ മാത്രമേ ‘ഉണ്ട’യെന്ന സിനിമ വഴി സാധിക്കൂ. മരണത്തിന്റെ മുഖത്ത് നില്‍ക്കുന്ന പൊലീസുകാര്‍ ഉണ്ട ചോദിക്കുമ്പോള്‍ നല്‍കാന്‍ മടിക്കുന്നവരാണോ കേരള പൊലീസിലെ ഉന്നതര്‍ എന്ന ചോദ്യവും സ്വാഭവികമായി ഈ സിനിമ കണ്ടാല്‍ ഉയരും. ഒടുവില്‍ ഉണ്ട കിട്ടാന്‍ പത്രത്തില്‍ വാര്‍ത്ത കൊടുപ്പിക്കേണ്ടിയും വന്നു നായക കഥാപാത്രത്തിന്. ഉണ്ട ട്രെയിനില്‍ കൊണ്ടുവന്ന പൊലീസുകാരാവട്ടെ ജാഗ്രതക്ക് പകരം നല്ല പഞ്ചാരയടിച്ച് അത് നഷ്ടപ്പെടുത്തുകയും ചെയ്തു. ആകെ മൊത്തം കേരള പൊലീസിനെ നാണം കെടുത്തുന്ന സിനിമയാണ് ഉണ്ട.

ഈ സിനിമ കണ്ടാണ് പലതും യാഥാര്‍ത്ഥ്യമാണെന്ന് ഡിജിപി ബെഹ്‌റ പറഞ്ഞത്. ഏതാണ് യാഥര്‍ത്ഥ്യമെന്ന് ചോദിച്ചതും അതുകൊണ്ട് തന്നെയാണ്. സിനിമ ഒരുമിച്ച് കണ്ട് പബ്ലിസിറ്റി നല്‍കുന്നതിനു മുന്‍പ് ആദ്യം പൊലിസ് ഉന്നതരില്‍ ചിലരെങ്കിലും ഈ സിനിമ കാണണമായിരുന്നു. മലയാളിയല്ലാത്ത ഡിജിപിക്ക് മനസ്സിലാകാത്ത ഭാഗം മലയാളികളായ ഐ.പി.എസുകാരെങ്കിലും പറഞ്ഞു കൊടുക്കണമായിരുന്നു.

പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായ ഒരു ഷോ എന്തിനു വേണ്ടിയാണ് നടത്തിയതെന്നതിന് പൊലീസ് ആസ്ഥാനമാണ് ഇനി മറുപടി പറയേണ്ടത്. എന്ത് സന്ദേശമാണ് സമൂഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഈ സിനിമ നല്‍കുന്നത് എന്നു കൂടി പറയണം. ഡി.ജി.പിയുടെ ഉള്‍പ്പെടെ കമന്റ് കേട്ട് ഈ സിനിമ കാണാന്‍ പോകുന്നവര്‍ ഇതാണ് പൊലീസിലെ അവസ്ഥയെന്നാണോ മനസ്സിലാക്കേണ്ടത്. കാക്കി യൂണിഫോമിനോടുള്ള ഒരു തരം വഞ്ചനയാണ് ഈ സ്‌പെഷ്യല്‍ ഷോയും പ്രതികരണവും.

ഏതെങ്കിലും കച്ചവട സിനിമയുടെ പ്രമോഷന്‍ ചുമതല ഏല്‍ക്കേണ്ട ബാധ്യത പൊലീസ് ഉന്നതര്‍ക്കില്ല. വ്യക്തിപരമായി ഏത് ഉദ്യോഗസ്ഥനും ഏത് സിനിമയും കാണാം. പക്ഷേ ഐ.പി.എസുകാര്‍ ഉള്‍പ്പെടെയുള്ളവരെ കൂടെകൂട്ടി പബ്ലിസിറ്റി കൊടുത്ത് കാണുന്നതും പ്രതികരിക്കുന്നതും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുക. അക്കാര്യം കാക്കി മേലാളന്മാര്‍ ഓര്‍ക്കണമായിരുന്നു.

മലയാളസിനിമയ്ക്ക് ദൃശ്യപരമായോ പ്രമേയപരമായോ ഇതുവരെ പരിചയമില്ലാത്ത ഒരിടത്തേയ്ക്കാണ് ഉണ്ടയുടെ ക്യാമറ തിരിച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങളിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ക്കും കുരുക്കായി മാറിയിരിക്കുകയാണ്. ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതിനാശത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും സിനിമാ കമ്പനിക്കുമെതിരേ അന്വേഷണം നടത്തണമെന്നും അന്വേഷണവും വനഭൂമി പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികളും നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പെരുമ്പാവൂരിലെ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ് നായര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. സിനിമയുടെ ചിത്രീകരണത്തിനായി കാസര്‍കോട് കാറഡുക്ക വനഭൂമിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടഞ്ഞില്ലെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്.

കേന്ദ്രസര്‍ക്കാരിന് അന്വേഷണത്തിനുള്ള സൗകര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കണമെന്നും ഗ്രാവലിട്ട് റോഡുണ്ടാക്കിയത് പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ലെങ്കില്‍ കേന്ദ്രം തുടര്‍ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ചിലവ് നിര്‍മാതാക്കളായ മൂവീസ് മില്‍ പ്രൊഡക്ഷനില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രാവല്‍ നീക്കം ചെയ്യുമ്പോള്‍ പരിസ്ഥിതിയെ ബാധിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. വനഭൂമി നശിപ്പിക്കുന്ന തരത്തില്‍ ഇടപെടലുണ്ടായത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ തെളിവ് പരിശോധിച്ചാണ് കോടതി ആക്ഷേപങ്ങളെ ഗൗരവമായി കണ്ടിരുന്നത്.

Express View

Top