ബംഗ്ലാദേശിന്റെ സാമ്പത്തിക സ്ഥിതിയെ പിടിച്ചുലച്ച് ബോയിലര്‍ സ്‌ഫോടനങ്ങള്‍

ധാക്ക: ബംഗ്ലാദേശ് ഇപ്പോള്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ നിന്ന് വ്യാവസായി ഘടനയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി രാജ്യത്തിന്റെ ശരാശരി വാര്‍ഷിക വ്യാവസായിക വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാണ്. വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ മുന്നോട്ടു പോകുന്ന ബംഗ്ലാദേശിന്റെ സാമ്പത്തിക വളര്‍ച്ച കാരണം വിദേശ കരാറുകളും മറ്റും കൂടുതലായി ഇങ്ങോട്ടേയ്‌ക്കെത്തുന്നു. എന്നാല്‍, ഫാക്ടറികളിലെ ബോയിലര്‍ മുറികളാണ് രാജ്യം നേരിടുന്ന വലിയ പ്രശ്‌നം.

കഴിഞ്ഞ നാല് വര്‍ഷമായി 12 ബോയിലര്‍ പൊട്ടിത്തെറികളിലായി 62 പേരാണ് മരിച്ചത്. 2016 സെപ്തംബര്‍ 10ന് ടമ്പാകോ ഫോയില്‍സ് ലിമിറ്റഡ് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ മാത്രം 24 പേരാണ് മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷം മള്‍ട്ടിഫാബ്‌സ് ലിമിറ്റഡിലുണ്ടായ അപകടത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. തുണി ഫാക്ടറിയാണിത്.

ബംഗ്ലാദേശിലെ ബോയിലറുകളില്‍ ഭൂരിഭാഗവും പ്രകൃതി വാതകങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. സര്‍ക്കാരിന്റെ നിരന്തരമായ പരിശോധന ഇതില്‍ ആവശ്യമാണ്. 5,039 ബോയിലറുകള്‍ രാജ്യത്തെ വ്യവസായ മേഖലകളില്‍ നിലനില്‍ക്കുന്നതില്‍ എട്ടെണ്ണം മാത്രമാണ് സര്‍ക്കാര്‍ അംഗീകൃതമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

നിരന്തരമായി ഇത്തരം സംവിധാനങ്ങള്‍ പരിശോധിച്ച് പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ അധികൃതര്‍ നേരിട്ടുള്ള പരിശോധനകള്‍ക്ക് മുതിരാറില്ല. പരിശോധനകള്‍ക്ക് പര്യാപ്തമായ ഉദ്യോഗസ്ഥര്‍ ഇല്ലെന്നുള്ളതാണ് പ്രധാനപ്പെട്ട പ്രശ്‌നം.

2016-17ല്‍ 1,041 ബോയിലര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമാണ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. അതിനു ശേഷം ഇങ്ങോട്ട് ഓപ്പറേറ്റര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കാന്‍ പോലും ആരും തയ്യാറായിട്ടില്ല. അധിക സമയം ബോയിലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും പൊട്ടിത്തെറിയ്ക്ക് കാരണമാകുന്നു.

കഴിഞ്ഞ വര്‍ഷം മള്‍ട്ടിഫാബ്‌സില്‍ നടന്ന അപകടത്തിനു ശേഷം രണ്ട് ആഭ്യന്തര മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്ന് സുരക്ഷ ശക്തമാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിരുന്നു. പരിശോധനകള്‍ക്കായി 200 പുതിയ ഉന്നത ഉദ്യോഗസ്ഥരെയും 100 ബോയിലര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടില്ല.

Top