അദ്ധ്യക്ഷസ്ഥാനം അനിശ്ചിതത്വത്തില്‍; രാഹുല്‍ ഗാന്ധി ഈ ആഴ്ച വിദേശത്തേയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ആശങ്കകള്‍ നിലനില്‍ക്കെ രാഹുല്‍ ഗാന്ധി ഈയാഴ്ച അവസാനം വിദേശത്തേക്ക് പോകും. രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തിന് മുമ്പില്‍ നടത്തിയ നിരാഹാരസമരത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ പിന്മാറി. സമരം ചെയ്തിട്ട് പ്രയോജനമില്ലെന്ന് കണ്ടതോടെയാണ്‌ പിന്മാറ്റം.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വലിയ തിരിച്ചടി നേരിട്ടതിനേത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. നെഹ്റു കുടുംബത്തിന് പുറത്തു നിന്നുള്ളയാളാകണം പുതിയ അമരക്കാരനെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ പാര്‍ട്ടിയില്‍ അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ പകരക്കാരനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും അതിനും രാഹുല്‍ മുഖം നല്‍കുന്നില്ല. പ്രവര്‍ത്തക സമിതി വിളിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുന്നുവെന്ന വിവരം വരുന്നത്.

വിദേശത്ത് ചികിത്സയില്‍ കഴിയുന്ന സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ സന്ദര്‍ശിക്കാനാണ് രാഹുല്‍ വിദേശത്തേക്ക് പോകുന്നത്. പക്ഷേ, ചികിത്സാകേന്ദ്രം എവിടെയെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. അതിനാല്‍ രാഹുലിന്റെ സന്ദര്‍ശന വിവരങ്ങളും വ്യക്തമല്ല. ശനിയാഴ്ച സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വിദേശത്തേയ്ക്ക് പോകുന്നത്. ബുധനാഴ്ചയോടെ ഇരുവരും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേരളത്തിലേക്കും പോയി. അതിനാല്‍ അധ്യക്ഷചര്‍ച്ച തല്‍ക്കാലം മരവിച്ചിരിക്കുകയാണ്.

Top