വൈദ്യുതി സബ്‌സിഡി നല്‍കുന്നതിലെ അനിശ്ചിതത്വം; പരിഹാരം നിര്‍ദേശിക്കാതെ കേരള ബജറ്റ്

തിരുവനന്തപുരം: വൈദ്യുതി സബ്‌സിഡി നല്‍കുന്നതിലെ അനിശ്ചിതത്വത്തിന് പരിഹാരം നിര്‍ദേശിക്കാതെ 2024ലെ കേരള ബജറ്റ്. കെഎസ്ഇബി പിരിക്കുന്ന വൈദ്യുതി തീരുവ സര്‍ക്കാരിലേക്ക് അടക്കണമെന്ന നിര്‍ദേശത്തില്‍ ബജറ്റില്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. 70 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ബോര്‍ഡ് പിരിക്കുന്ന തീരുവയിലൂടെയായിരുന്നു സബ്‌സിഡി നല്‍കിയിരുന്നത്. എന്നാല്‍ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് നികുതി കൂട്ടിയതോടെ പ്രതിവര്‍ഷം 100 കോടിയോളം രൂപ കെഎസ്ഇബിക്ക് അധിക ബാധ്യതയുണ്ടാകും.

കെഎസ്ഇബി അടക്കം സംസ്ഥാനത്തെ വൈദ്യുതി വിതരണ ലൈസന്‍സികളുടെ തീരുവ യൂണിറ്റിന് ആറു പൈസയില്‍ നിന്ന് പത്ത് പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പ്രതിവര്‍ഷം 250000 മില്യണ്‍ യൂണിറ്റ് വൈദ്യുതി വില്‍ക്കുന്ന കെഎസ്ഇബി 100 കോടി സര്‍ക്കാരിന് അധികമായി നല്‍കേണ്ടി വരും. എന്നാല്‍ ഈ അധിക സാമ്പത്തിക ഭാരം ഉപഭോക്താക്കളില്‍ നിന്ന് ബോര്‍ഡിന് ഈടാക്കാന്‍ വ്യവസ്ഥയുമില്ല. പുനരുപയോഗ വൈദ്യുതി പ്രോത്സാഹിപ്പിക്കുക എന്നതാണ് നയമെങ്കിലും പുനരുപയോഗ വൈദ്യുതി ഉത്പാദകര്‍ക്ക് തിരിച്ചടിയാകുന്ന പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായി. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ സര്‍ക്കാരിന് നല്‍കേണ്ട 1.2 പൈസ നികുതി 15 പൈസയായാണ് കൂട്ടിയത്. ഒന്നര ലക്ഷത്തോളം വരുന്ന സൗരോര്‍ജ വൈദ്യുതി ഉത്പാദകര്‍ക്ക് ഇത് അധിക ചെലവ് സൃഷ്ടിക്കും.

പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന 70 ലക്ഷത്തോളം സാധാരണ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം 410 കോടി രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കി വരുന്നത്. കെഎസ്ഇബിക്ക് നേരിട്ട് പണം നല്‍കുന്നതിന് പകരം ബോര്‍ഡ് പിരിക്കുന്ന വൈദ്യുതി ചാര്‍ജിന്റെ 10% വൈദ്യുതി തീരുവയില്‍ നിന്ന് സര്‍ക്കാര്‍ നല്‍കേണ്ട സബ്‌സിഡി, പെന്‍ഷന്‍ തുകകള്‍ ഈടാക്കാന്‍ അനുവദിക്കുന്നതായിരുന്നു രീതി. എന്നാല്‍ കഴിഞ്ഞ ഒക്ടോബറോടെ സ്ഥിതി മാറി. ബോര്‍ഡ് പിരിക്കുന്ന മുഴുവന്‍ തീരുവയും സര്‍ക്കാരിന് നല്‍കണം എന്നാണ് ഉത്തരവ്. എന്നാല്‍ ഈ തുക ബോര്‍ഡ് തിരിച്ചടച്ചാല്‍ 70 ലക്ഷം പേരുടെ സബ്‌സിഡി എന്താകും എന്നതിന് ബജറ്റില്‍ എങ്കിലും മറുപടി ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ സബ്‌സിഡിയുടെ കാര്യം ധനമന്ത്രി മിണ്ടിയില്ല. സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ 410 കോടിയുടെ അധിക ബാധ്യത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടും.

Top