രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുന്നു; നിർണായക നീക്കവുമായി ഗെഹലോട്ട്

ജയ്പൂർ: രാജസ്ഥാനിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമസഭ കക്ഷി യോഗം ചേരുന്നത് വൈകും. അശോക് ഗെഹലോട്ടിന്റെ നിർണായക നീക്കത്തിന്റെ ഭാഗമായാണ് യോഗം വൈകുന്നതെന്നാണ് സൂചന. മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവരുമായി ഗെഹലോട്ട് കൂടിക്കാഴ്ച നടത്തുന്നുണ്ട്. സച്ചിൻ പൈലറ്റിനെതിരെ പടയൊരുക്കാൻ ഗെഹലോട്ട് പക്ഷ എംഎൽഎമാർ ശാന്തി ദരിവാളിന്റെ വസതിയിൽ യോഗം ചേരുന്നു.

സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഗെഹ്ലോട്ട് പക്ഷം അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോൾ ഗെഹലോട്ടിന്റെ അഭിപ്രായം പരിഗണിക്കണം. രണ്ട് വർഷം മുമ്പ് പാർട്ടി അച്ചടക്കം ലംഘിച്ചയാളാണ് സച്ചിനെന്നും ഗെഹലോട്ട് പക്ഷം ആരോപിച്ചു.

അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് രാജസ്ഥാനിൽ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. വൈകീട്ട് ഏഴ് മണിക്ക് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ഹൈക്കമാൻഡ് നിരീക്ഷകരായി മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

അതേസമയം, സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ. ഹൈക്കമാൻഡ് പിന്തുണ സച്ചിൻ പൈലറ്റിനാണ്. സച്ചിനെ മുഖ്യമന്ത്രിയാക്കരുതെന്ന നിലപാടിലാണ് അശോക് ഗെഹ്ലോട്ട്. തന്റെ വിശ്വസ്തനായ സി.പി ജോഷി അടക്കമുള്ളവരുടെ പേരാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഇത് ഹൈക്കമാൻഡ് പരിഗണിച്ചിട്ടില്ലെന്നാണ് വിവരം. അതിനിടെ അശോക് ഗെഹ്ലോട്ടുമായി ബന്ധമുള്ള എംഎൽഎമാരുമായി സച്ചിൻ ഇന്ന് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Top