അനധികൃത ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നടപടികളുമായി അബുദാബി പൊലീസ്

അബുദാബി: അനധികൃത ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ്. നിയമാനുസൃതമല്ലാത്ത യാത്രക്കാരെ കയറ്റുന്ന ഡ്രൈവര്‍മാര്‍ക്ക് 3000 ദിര്‍ഹം പിഴയും, 24 ബ്ലാക്ക് പോയിന്റ്‌സും 30 ദിവസത്തേക്ക് വാഹനം കണ്ടു കെട്ടുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു എ ഇ തലസ്ഥാനത്ത് 650ല്‍പ്പരം സ്വകാര്യ വാഹനങ്ങളാണ് അനധികൃത ഓട്ടം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് പുതിയ ശിക്ഷാനടപടി പ്രഖ്യാപിച്ചിരിക്കുന്നത്.

അനധികൃതമായി യാത്രക്കാരെ കയറ്റിയതിന് ഈ വര്‍ഷം ഇതുവരെ രണ്ടായിരത്തോളം ആളുകളാണ് പിടിക്കപ്പെട്ടത്. ഇതോടൊപ്പം സ്വകാര്യ വാഹനങ്ങളില്‍ സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കയറ്റിയ കാരണത്താല്‍ പിടിക്കപ്പെട്ടവരുടെ എണ്ണം 2198 ആയതായി പൊലീസ് പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

യു എ ഇ ലൈസന്‍സ് കൈവശം വെയ്ക്കാതെയും രാജ്യത്ത് അനധികൃതമായി താമസിക്കുകയും ചെയ്താണ് ചില ടാക്‌സി ഡ്രൈവര്‍മാര്‍ അനധികൃത യാത്ര സേവനങ്ങള്‍ നല്‍കി വരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Top