കെട്ടിട നിര്‍മ്മാണം നിയമം ലംഘിച്ച്; സബ് കളക്ടര്‍ക്ക് പിന്തുണയുമായി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് ദേവികുളം സബ് കളക്ടര്‍ക്ക് പിന്തുണയുമായി ഇടുക്കി ജില്ലാ കളക്ടര്‍.

പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചാണെന്നും സബ് കളക്ടര്‍ രേണു രാജിനെ എം എല്‍ എ ശകാരിച്ചുവെന്നുമാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചുവെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതിരപ്പുഴയാറില്‍ നിന്നും 50 മീറ്റര്‍ മാറി ആയിരിക്കണം നിര്‍മ്മാണങ്ങള്‍ നടത്തേണ്ടതെന്ന നിയമം പാലിച്ചിട്ടില്ലെന്നും 6 മീറ്റര്‍ പോലും ദൂരത്തല്ല കെട്ടിടമെന്നും കളക്ടര്‍ വിശദമാക്കി.

അതേസമയം, ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ മോശമായി സംസാരിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിരുന്നു. സംസ്ഥാന വനിതാ കമ്മീഷനാണ് സ്വമേധയാ കേസെടുത്തത്.

എന്നാല്‍, സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍ പ്രതികരിച്ചത്.

വീട്ടില്‍ ഭാര്യയേയും മക്കളേയും ‘അവള്‍’ എന്ന് വിളിക്കുക പതിവാണ്. അതു പോലെ തന്നെയാണ് സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. താന്‍ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. ചെറിയ കുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, എസ്. രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സബ്കളക്ടര്‍ രേണു രാജ് സ്റ്റോപ് മെമ്മോ നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കില്ലെന്നും സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും റവന്യൂവകുപ്പിന്റെ എന്‍ഒസി വേണം എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എസ് രാജേന്ദ്രന്‍ അറിയിച്ചിരുന്നു.

അതേസമയം, മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറിയതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു കൊണ്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി. എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, എംഎല്‍എക്കെതിരായ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും 2010ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്

Top