ലാ ലിഗ ക്ലബ്ബ് വിയ്യാറയല്‍ പരിശീലകനായി ഉനായ് എമറി

ലണ്ടന്‍: മുന്‍ ആഴ്സണല്‍ പരിശീലകന്‍ ഉനായ് എമറി ലാ ലിഗ ക്ലബ്ബ് വിയ്യാറയലിന്റെ പരിശീലകനാകും. മൂന്ന് വര്‍ഷത്തെ കരാറിലാണ് എമറി ഒപ്പുവെച്ചിരിക്കുന്നത്.

സ്പാനിഷ് ക്ലബ്ബ് സെവിയ്യയെ പരിശീലിപ്പിച്ച് മൂന്ന് തവണ യുവേഫ യൂറോപ്പാ ലീഗ് കിരീടം നേടിക്കൊടുക്കാന്‍ എമറിക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ അഞ്ചാം സ്ഥാനത്താണ് വിയ്യാറയല്‍ ഫിനിഷ് ചെയ്തത്. 38 മത്സരത്തില്‍ നിന്ന് 18 ജയവും 6 സമനിലയും 14 തോല്‍വിയുമടക്കം 60 പോയിന്റാണ് വിയ്യാറയല്‍ സ്വന്തമാക്കിയത്. മൊറീനോ, കാസറോള, ബ്രൂണോ, ഇബോറ, ടോറസ്, പെന തുടങ്ങിയ മികച്ച താരങ്ങള്‍ വിയ്യാറയലിനൊപ്പമുണ്ട്.

48കാരനായ എമറി 2004ല്‍ ലോര്‍ക്ക ഡിപ്പോര്‍ട്ടീവാ ക്ലബ്ബിനു വേണ്ടിയാണ് പരിശീലക കരിയര്‍ ആരംഭിച്ചത്. 2008-2012വരെ വലന്‍സിയയെ പരിശീലിപ്പിച്ച അദ്ദേഹം സ്പാര്‍ട്ടക്ക് മോസ്‌കോയ്ക്കും തന്ത്രം ഓതി. 2013ല്‍ സെവിയ്യയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത എമറി മൂന്ന് വര്‍ഷം ക്ലബ്ബിനൊപ്പം തുടര്‍ന്നു. 2016ല്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ പരിശീലകസ്ഥാനത്തെത്തിയ അദ്ദേഹം 2017-18 സീസണില്‍ പിഎസ്ജിയെ ലീഗ് കിരീടം ചൂടിച്ചു. രണ്ടു തവണ കോപ്പാഡി ഫ്രാന്‍സും കോപ്പാ ഡി ലാ ലിഗയും ട്രോഫി ഡെസ് ചാമ്പ്യന്‍സും അദ്ദേഹം ക്ലബ്ബിനൊപ്പം നേടി. 2018ല്‍ ആഴ്സണല്‍ പരിശീലകസ്ഥാനത്തെത്തിയ അദ്ദേഹം 2018-19 സീസണില്‍ ആഴ്സണലിനെ യൂറോപ്പാ ലീഗില്‍ ഫൈനലിലെത്തിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാനായില്ല.

Top