‘ടേക്ക് ഓഫ് ചെയ്യാന്‍ പറ്റുന്നില്ല’: 20ഓളം യാത്രക്കാരോട് വിമാനത്തില്‍ നിന്നിറങ്ങാനാവശ്യപ്പെട്ട് പൈലറ്റ്

സ്പെയിന്‍: ടേക്ക് ഓഫ് ചെയ്യാന്‍ 20ഓളം യാത്രക്കാരോട് വിമാനത്തില്‍ നിന്നിറങ്ങാനാവശ്യപ്പെട്ട് പൈലറ്റ്. അമിതഭാരം മൂലം വിമാനമെടുക്കാനാവുന്നില്ലെന്നും 20ഓളം യാത്രക്കാര്‍ ഇറങ്ങിയാല്‍ ടേക്ക് ഓഫ് ചെയ്യാനാകുവെന്നും ബ്രിട്ടീഷ് എയര്‍ലൈന്‍ ആയ ഈസിജെറ്റിലെ പൈലറ്റ് ആണ് യാത്രക്കാരോട് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ജൂലൈ 5ന് സ്പെയിനിലെ ലാന്‍സറോട്ടിയില്‍ നിന്ന് ലിവര്‍പൂളിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. വിമാനം സാധാരണയില്‍ കവിഞ്ഞ് ഭാരമായിരിക്കുകയാണെന്നും സുരക്ഷിതമായി ടേക്ക് ഓഫ് ചെയ്യാന്‍ 20 പേരോളമിറങ്ങേണ്ടി വരുമെന്നും പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ഭാരക്കൂടുതലും മോശം കാലാവസ്ഥയുമൊക്കെയും ടേക്ക് ഓഫിനെ ബാധിക്കുന്നുണ്ടെന്നും ഇതിനൊപ്പം ഭാരക്കൂടുതല്‍ കൂടി താങ്ങാനാവില്ലെന്നും പൈലറ്റ് പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. താന്‍ ഇത്തരത്തില്‍ നേരത്തെയും തീരുമാനമെടുത്തിട്ടുണ്ടെന്നാണ് ഇയാള്‍ പറയുന്നത്.

സംഭവം വിവാദമായതോടെ പ്രതികരണവുമായി ഈസിജെറ്റ് രംഗത്തെത്തിയിട്ടുണ്ട്. ടേക്ക് ഓഫ് ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി 19 യാത്രക്കാര്‍ മറ്റൊരു വിമാനത്തില്‍ ലിവര്‍പൂളിലേക്ക് യാത്ര ചെയ്യാന്‍ സന്നദ്ധരായി എന്നും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാവാറുണ്ടെന്നും ഈസിജെറ്റ് വക്താവ് പറഞ്ഞു.

Top