സിം പോർട്ട്​ ചെയ്യാനുള്ള നടപടികൾ ജിയോ തടസപ്പെടുത്തുന്നതായി പരാതി

ന്യൂഡൽഹി: ​ജിയോ സിം പോർട്ട്​ ചെയ്യാനുള്ള നടപടികൾ കമ്പനി തടസപ്പെടുത്തുന്നതായി പരാതി. നിലവിലെ നമ്പർ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം (എം.എൻ.പി) ഉപയോഗപ്പെടുത്താൻ 1900 എന്ന നമ്പറിലേക്ക്​ ‘പോർട്ട്​ (PORT)’ എന്ന്​ സന്ദേശം അയക്കുകയാണ്​ ആദ്യത്തെ നടപടി. എന്നാൽ ഇത്​ ജിയോ കെയർ തടസപ്പെടുത്തിയതായി കാണിച്ച്​ കിസാൻ ഏകതാ മാർച്ചിന്‍റെ ട്വിറ്റർ അക്കൗണ്ട്​ പോസ്റ്റ് ചെയ്തിരിക്കുകയാണ്. അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ അടക്കമുള്ളവരും ഇത്​ റീട്വീറ്റ്​ ചെയ്​തു. ജിയോയുടെ നടപടി ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെയും ഉപഭോക്തൃ അവകാശങ്ങളുടെയും ലംഘനമാണെന്നും അന്വേഷിച്ച്​ നടപടിയെടുക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു. കമ്മ്യൂണിക്കേഷൻസ്, ഐ.ടി വകുപ്പ്​ മന്ത്രി രവിശങ്കർ പ്രസാദിനെ ടാഗ്​ ചെയ്​തിട്ടുണ്ട്​.

നേരത്തെ പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബിലെ കർഷകർ 1300ലധികം വരുന്ന ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിരുന്നു. ചില ടവറുകളിലെ ഫൈബറുകൾ മുറിച്ചു മാറ്റുകയും ചെയ്​തിട്ടുണ്ട്​.പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിലെ കർഷകർ ജിയോക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്​ കാരണം ടെലികോം കമ്പനികൾക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കാണിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന് റീലിൻസ് കത്തയച്ചിരുന്നു.

Top