നഴ്സുമാരെ മർദ്ദിച്ച ആശുപത്രി ഉടമയെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കിൽ സമ്പൂർണ പണിമുടക്കെന്ന് യുഎൻഎ

തൃശൂർ : നഴ്സുമാരെ മർദ്ദിച്ച തൃശൂർ നൈൽ ആശുപത്രി ഉടമ ഡോക്ടർ അലോകിനെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഎൻഎ. അറസ്റ്റ് ചെയ്തില്ലെങ്കിൽ ഓഗസ്റ്റ് പത്തു മുതൽ തൃശൂർ ജില്ലയിൽ സമ്പൂർണ നഴ്സ് പണിമുടക്ക് നടത്തുമെന്നും യുഎൻഎ അറിയിച്ചു. ജില്ലാ കലക്ടറുമായി യുഎൻഎ ഭാരവാഹികൾ ചർച്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോക് നേരിട്ട് അന്വേഷിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. നൈൽ ആശുപത്രിയിലെ തൊഴിൽ തർക്കത്തിൽ ഇടപെടുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.

തൃശൂരില്‍ ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന് നഴ്സുമാർ പറഞ്ഞു. തൃശൂർ നൈൽ ആശുപത്രി എംഡിക്കെതിരെയാണ് നഴ്സുമാരുടെ പരാതി. മര്‍ദ്ദനമേറ്റ് നാല് നഴ്സുമാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് ജീവനക്കാരെ പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ ആശുപത്രി ഉടമ മർദ്ദിച്ചുവെന്നാണ് നഴ്സുമാരുടെ ആരോപണം. ഗർഭിണിയായ നഴ്സിനടക്കം മര്‍ദ്ദനമേറ്റെന്നും നഴ്സുമാർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

നൈൽ ആശുപത്രിയില്‍ ഏഴ് വര്‍ഷമായി 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത് എന്നാണ് നഴ്സുമാര്‍ പറയുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനെ തുടര്‍ന്ന് ഏഴ് പേരെ പിരിച്ച് വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബർ ഓഫീസിൽ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ നൈൽ ആശുപത്രി എംഡി, നഴ്സുമാരെ തട്ടിമാറി പോവുകയായിരുന്നുവെന്നും ഇതിനെ നിലത്ത് വീണ ഗര്‍ഭിണിയായ നഴ്സിനെ ചവിട്ടിയിട്ടാണ് എംഡി ഡോ. അലോക് പുറത്തേക്ക് പോയതെന്നും നഴ്സുമാര്‍ ആരോപിച്ചു.

Top