UNA Complaint against Nurse raped in Kochi private hospital

കൊച്ചി: നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ നഴ്‌സ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദം വഴിത്തിരിവിലേക്ക്.

ജിഷ മോഡല്‍ ക്രൂരമായ പീഡനത്തിനിരയായ നഴ്‌സിനെ റെയില്‍വേ ട്രാക്കില്‍ അവശനിലയില്‍ കാണപ്പെട്ടുവെന്നും ആശുപത്രി അധികൃതര്‍ അവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നുമാണ് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം പുറത്ത് വന്ന വാര്‍ത്തകള്‍.

സിറ്റി പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല.

അതേസമയം ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയാണെന്ന് ആരോപിച്ച് ആശുപത്രി അധികൃതര്‍ പൊലീസിന് പരാതി നല്‍കി രംഗത്ത് വരികയും ചെയ്തു.

ആശുപത്രി മാനേജ്‌മെന്റുമായി അടുത്ത ബന്ധമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്ളതിനാല്‍ മാധ്യമങ്ങളുടെ വായമൂടി കെട്ടാനാണ് പരാതി നല്‍കിയതെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

പ്രമുഖ നഴ്‌സിങ്ങ് സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വാര്‍ത്തയുടെ നിജസ്ഥിതി പുറത്ത് കൊണ്ടുവരാന്‍ ഇപ്പോള്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ട്.

ആശുപത്രിയിലെ ജീവനക്കാരോടും നഴ്‌സുമാരോടും ഇത്തരത്തില്‍ എന്തെങ്കിലും സംഭവം നടന്നിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോണ്‍നമ്പറുകളും ഇ മെയില്‍ ഐഡികളും സഹിതം യുഎന്‍എ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്.

വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനെ നെറ്റോയുമായി സംസാരിച്ചതിന് ശേഷമാണ് യുഎന്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതു സംബന്ധമായി സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രേഖാമൂലം പരാതിയും യുഎന്‍എ ഭാരവാഹികള്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.

പീഡനവാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ ആശുപത്രിയിലേക്ക് പോകുന്ന റെയില്‍വേട്രാക്കിന് സമീപമുള്ള വഴികളില്‍ ആശുപത്രി അധികൃതര്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നതും പാളത്തില്‍ സാധാരണ ഇരിക്കാറുള്ള അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് ഇപ്പോള്‍ നീക്കം ചെയ്തതായ വിവരവും പുറത്ത് വരുന്നുണ്ട്.

ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇങ്ങനെ പൊലീസ് നടപടി സ്വീകരിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.

ആശുപത്രിയില്‍ വെച്ചാണ് നഴ്‌സ് പീഡിപ്പിക്കപ്പെട്ടതെന്ന വാര്‍ത്ത മറച്ച് പിടിക്കാനാണ് റെയില്‍വേട്രാക്കില്‍ കാണപ്പെട്ടതെന്ന വിവരം പുറത്ത് വിടുന്നതെന്ന ആരോപണവും ശക്തമാണ്.

പുതിയ നിയമപ്രകാരം നഴ്‌സ് പീഡിപ്പിക്കപ്പെട്ടത് ആശുപത്രിക്ക് അകത്തായാലും പുറത്തായാലും സംഭവം മറച്ച് വച്ചാല്‍ ആശുപത്രി അധികൃതര്‍ അടക്കം പ്രതിയാവുകയും സ്ഥാപനം പൂട്ടേണ്ട അവസ്ഥ തന്നെയുണ്ടാകുമെന്നുമാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

IMG-20160611-WA003

Top