കാമറൂണിലെ അഭയാർഥികൾ ദുരിതത്തിൽ , ക്യാമ്പുകളിൽ പട്ടിണി കുടുന്നുവെന്ന് ഐക്യരാഷ്ട്ര സഭ

Cameroon

യൌൻഡെ: കാമറൂണിൽ അഭയം തേടിയിരിക്കുന്ന ആയിരക്കണക്കിന് അഭയാർഥികളുടെ ജീവിതം ദുരിതത്തിലാണെന്നും ക്യാമ്പുകളിൽ പട്ടിണി കുടുന്നുവെന്നും ഐക്യരാഷ്ട്ര സഭ. ഇവരുടെ പട്ടിണി മാറ്റുന്നതിനാവശ്യമായ ഫണ്ടുകൾ ഉടൻ കണ്ടെത്തണമെന്നും ഐക്യരാഷ്ട്ര സഭയുടെ ഡെപ്യൂട്ടി എമർജൻസി ചീഫ് ഉർസൂല മുള്ളർ വ്യക്തമാക്കി.

അഭയാർഥികളായ ജനങ്ങളുടെ പ്രതിസന്ധി ആഗോളതലത്തിൽ എല്ലാവരും മനസിലാക്കണമെന്നും , ഒരു രാജ്യത്തിന് അഭയാർഥികളായി എത്തുന്നവരുടെ കാര്യങ്ങൾ എല്ലാം നോക്കാൻ കഴിയില്ലെന്നും മാത്രമല്ല ഇവിടെ 305 മില്യൺ ഡോളറിന്റെ ആവശ്യമുള്ളിടത്ത് വെറും 5 ശതമാനം മാത്രമാണ് സംഭാവന ലഭിച്ചിരിക്കുന്നതെന്നും ഉർസൂല മുള്ളർ സൂചിപ്പിച്ചു.

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തുന്ന അക്രമണങ്ങളാണ് കാമറൂണിലെ അഭയാർഥി പ്രതിസന്ധിയ്ക്ക് കാരണം. വടക്കുകിഴക്കൻ നൈജീരിയയിൽ തീവ്രവാദികള്‍ നടത്തുന്ന ഈ ആക്രമണങ്ങൾ കാരണം പതിനായിരക്കണക്കിന് നൈജീരിയക്കാർ കാമറൂണിലേയ്ക്ക് കടന്നുകഴിഞ്ഞു.

2009-ൽ ആരംഭിച്ച ബൊക്കോ ഹറാം സംഘർഷത്തിലൂടെ ഇസ്ലാമികനിയമത്തിന്റെ കർശന വ്യാഖ്യാനം നടപ്പിലാക്കി സംസ്ഥാനത്തെ മാറ്റിയെടുക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്. അഭയാർഥി പ്രതിസന്ധി ശക്തമായി നിൽക്കുമ്പോൾ ബൊക്കോ ഹറാം തീവ്രവാദികള്‍ കാമറൂണിന്റെ വടക്കുഭാഗങ്ങൾ ആക്രമിച്ചു പ്രശ്നം കൂടുതൽ ഗുരുതരമാക്കി.

ഇന്ന് 3.3 മില്യൺ ജനങ്ങൾക്ക് സഹായം ആവശ്യമാണെന്നും ധനസഹായം വലിയ വെല്ലുവിളിയാണെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു. ധനസഹായം ആവശ്യത്തിന് ലഭിക്കണം അല്ലെങ്കിൽ ഞങ്ങൾക്ക് ഇവരെ സഹായിക്കാൻ കഴിയില്ലെന്നും ഉർസൂല മുള്ളർ ചൂണ്ടിക്കാട്ടുന്നു.

കാമറൂണിൽ 89,000 നൈജീരിയൻ അഭയാർത്ഥികൾ, 237,000 മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് അഭയാർഥികൾ എന്നിങ്ങനെ അഭയാർഥികൾ താമസിക്കുന്നുണ്ട്. മിനാവോയിലെ അഭയാർഥി ക്യാമ്പിലെ ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മികച്ചതാണെന്നും. എന്നാലും ഇവർക്കെല്ലാം കൂടുതൽ സംരക്ഷണം നൽകാൻ മനുഷ്യാവകാശ സംഘടനകൾ പ്രവർത്തിക്കണമെന്നും ഉർസുല മുള്ളർ ഓർമ്മിപ്പിച്ചു.

Top