യുഎഇയിലുള്ള ഖത്തര്‍ കുടുംബങ്ങള്‍ക്ക് പരസ്പരം കാണാനുള്ള അവസരം ഒരുക്കണമെന്ന്

ഖത്തര്‍: ഉപരോധ വിഷയത്തില്‍ യുഎന്‍ പരമോന്നത കോടതിയില്‍ ഖത്തറിന് അനുകൂലമായി ഇടക്കാല ഉത്തരവ്. യുഎഇയിലുള്ള ഖത്തര്‍ കുടുംബങ്ങള്‍ക്ക് പരസ്പരം കാണാനുള്ള അവസരം ഒരുക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു.

ഉപരോധത്തെ തുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഖത്തര്‍ നല്‍കിയ കേസിലാണ് ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. യുഎഇയിലുള്ള ഖത്തര്‍ കുടുംബങ്ങള്‍ക്ക് പരസ്പരം കാണാനും കുടുംബ ബന്ധം പൂര്‍വ സ്ഥിതിയിലാക്കാനുമുള്ള അവസരം ഒരുക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഖത്തരി വിദ്യാര്‍ത്ഥികളുടെ പഠനം തുടരാന്‍ ആവശ്യമായ നടപടികള്‍ യുഎഇ സ്വീകരിക്കണം. യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പഠനസഹായങ്ങളും ആ രാജ്യം നല്‍കണം. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ ഇല്ലാതെ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കണം. യുഎഇയിലെ നിയമ സംവിധാനങ്ങള്‍ മറ്റാരെയും പോലെ ഖത്തരികള്‍ക്കും ലഭ്യമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്.

കഴിഞ്ഞ ജൂണിലാണ് യുഎന്നിന്റെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഖത്തര്‍ യുഎഇക്കെതിരെ പരാതി നല്‍കിയത്. യുഎഇയില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നുവെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയിരുന്നത്.

Top