ജമ്മു കശ്മീരില്‍ ‘ചൈനീസ് കളി’; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിക്കും

മ്മു കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സമിതി സുരക്ഷാ കൗണ്‍സില്‍ യോഗം ചേരും. ചൈനയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് യോഗം വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിരുന്ന പ്രത്യേക പരിഗണന നീക്കം ചെയ്തതിന് പിന്നാലെ ചൈനയുടെ സഖ്യകക്ഷിയായ പാകിസ്ഥാന്റെ ആവശ്യം പരിഗണിച്ച് ആഗസ്റ്റില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് കൗണ്‍സില്‍ വീണ്ടും അടച്ചിട്ട വാതിലിനുള്ളില്‍ യോഗം വിളിച്ചത്.

യുഎന്‍ സുരക്ഷാ കൗണ്‍സിലിന് അയച്ച കത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതായാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആശങ്ക അറിയിച്ചത്. ‘സ്ഥിതി ഗുരുതരമായി മാറുന്ന അവസ്ഥയില്‍, സംഘര്‍ഷം കൂടുതല്‍ വളരാന്‍ സാധ്യതയുള്ള ഘട്ടത്തില്‍ പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ച് ചൈന ജമ്മു കശ്മീര്‍ വിഷയത്തില്‍ കൗണ്‍സില്‍ യോഗം ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു’, യുഎന്‍ മിഷനില്‍ ചൈന അറിയിച്ചു.

സുരക്ഷാ കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച ചേരുമെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആണവായുധ രാഷ്ട്രങ്ങളായ ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ സജീവ ചര്‍ച്ചാ വിഷയമാണ് കശ്മീര്‍. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീരിന് മേല്‍ പാകിസ്ഥാന്‍ അവകാശവാദം ഉന്നയിക്കുകയാണ്.

പാകിസ്ഥാന്റെ വാദങ്ങള്‍ ആഗോള തലത്തില്‍ തള്ളപ്പെട്ട സാഹചര്യത്തിലാണ് ചൈനയുടെ ഇടപെടല്‍.

Top