ഗാസയിലെ ആക്രമണം താത്ക്കാലികമായി നിര്‍ത്തണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം

ടെല്‍ അവീവ്: ഗാസയിലെ ആക്രമണം താത്ക്കാലികമായി നിര്‍ത്തണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം. അമേരിക്ക, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബാക്കിയുള്ള 12 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി. ഹമാസ് ബന്ദികളാക്കിയവരെ ഉടന്‍ മോചിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ വെടിനിര്‍ത്തലിനെ കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശമില്ല. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ ഇസ്രയേല്‍ എതിര്‍പ്പ് അറിയിച്ചു.

അല്‍-ഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനമെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ സൈന്യം റെയ്ഡ് നടത്തിയത്. ഗാസയിലെ അല്‍-ഷിഫ അടക്കമുള്ള ആശുപത്രികളെ കമാന്‍ഡ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഹമാസ് നിഷേധിച്ചു. ഇസ്രയേലും അമേരിക്കയും ‘ക്രൂരമായ കൂട്ടക്കൊലകളെ’ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതായി ഹമാസ് ആരോപിച്ചു.അതേസമയം ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതനാഹ്യു കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ്. ഇസ്രയേല്‍ പരമാവധി സംയമനം പാലിക്കണമെന്ന് ട്രൂഡോ അഭ്യര്‍ഥിച്ചിരുന്നു. ഇസ്രയേല്‍ അല്ല, ഹമാസാണ് ആക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്നാണ് നെതന്യാഹു ഇതിനോട് പ്രതികരിച്ചത്.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിക്ക് നേരെ ആക്രമണം ഇസ്രയേല്‍ കടുപ്പിച്ചിരിക്കുകയാണ്. നവജാത ശിശുക്കള്‍ ഉള്‍പ്പടെ 2,300 ആശുപത്രിയിലുണ്ടെന്ന് യു എന്‍ വ്യക്തമാക്കുന്നു. അല്‍-ഷിഫ ആശുപത്രിക്ക് ചുറ്റുമുള്ള വലിയ മൈതാനങ്ങളില്‍ രോഗികളല്ലാത്ത ധാരാളം ആളുകള്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷതേടി അഭയം പ്രാപിച്ചിരുന്നു. ഇവരെയും ഇസ്രയേല്‍ സൈന്യം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

 

Top