UN Security Council Condemns North Korea Test

യുണൈറ്റഡ് നേഷന്‍സ്: അഞ്ചാമത്തെ ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ മടിക്കില്ലെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി.

ഉത്തര കൊറിയയുടെ ആണവ പരീക്ഷണം ആഗോള തലത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും യു.എന്‍ രക്ഷാസമിതി വ്യക്തമാക്കി.

കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് 15 അംഗ ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഉത്തര കൊറിയയുടെ നടപടി ആശങ്കപ്പെടുത്തുന്നതാണെന്ന് യോഗം വിലയിരുത്തി.

യു.എന്‍ രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ക്കും ആണവ നിര്‍വ്യാപന ഉടമ്പടിക്കും വിരുദ്ധമാണ് ഉത്തര കൊറിയയുടെ ആണവ പരീക്ഷണം. ഇത് ലോക സമാധാനത്തിന് നേരെ ഉയര്‍ത്തുന്ന ഭീഷണി ചെറുതൊന്നുമല്ല.

ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതിനാല്‍ തന്നെ കൂടുതല്‍ ശക്തമായ നടപടികള്‍ എടുക്കുന്ന കാര്യം ആലോചിക്കണമെന്ന് അംഗരാജ്യങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ഉത്തര കൊറിയയ്‌ക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്കയും ഫ്രാന്‍സും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളെ അവഹേളിക്കുകയും വെല്ലുവിളിക്കുകയുമാണ് ആണവ പരീക്ഷണം നടത്തിയതിലൂടെ ഉത്തര കൊറിയ ചെയ്തിരിക്കുന്നതെന്നും ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി.

Top