ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ വെടിനിര്‍ത്തലിന് ആഹ്വാനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍

യുണൈറ്റഡ് നേഷന്‍സ്: ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ വെടിനിര്‍ത്തലിന് ആവര്‍ത്തിച്ചുള്ള ആഹ്വാനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. എല്ലാവരും ഉത്തരവാദിത്തം കാണിക്കണമെന്നും ചരിത്രം നമ്മെ എല്ലാവരേയും വിലയിരുത്തുമെന്നും ഗുട്ടെറെസ് എക്സിലൂടെ ആഹ്വാനം ചെയ്തു.

ഇതിനിടെ ഗാസയില്‍ കരയുദ്ധത്തിലേക്ക് കടന്ന ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. തുരങ്കങ്ങളെ ലക്ഷ്യമാക്കി 150 ആക്രമണങ്ങള്‍ 24 മണിക്കൂറിനിടെ നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ വ്യോമനീക്കങ്ങളെ ഏകോപിപ്പിച്ചിരുന്ന കമാന്‍ഡര്‍ അസിം അബു റകാബയെ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു.

വെടിനിര്‍ത്തല്‍ ആഹ്വാനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ഇസ്രയേല്‍ നീക്കങ്ങള്‍. വെടിനിര്‍ത്തല്‍ എന്ന വാക്ക് പോലും തങ്ങള്‍ പരിഗണിക്കുന്നില്ല. ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു.വെടിനിര്‍ത്തലിന് ആഹ്വാനം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം പാസാക്കിയിരുന്നു. 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്പ്പോള്‍ 14 രാജ്യങ്ങളാണ് എതിര്‍ത്തത്. ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

Top