ആശുപത്രികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ല; യു.എന്‍

ന്യൂയോര്‍ക്ക്: ആശുപത്രികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഗ്രിഫിത്താണ് ആശുപത്രികള്‍ ആക്രമിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. സുരക്ഷിതത്വത്തിന്റെ സ്ഥലമാകണം ആശുപത്രികള്‍. അത് യുദ്ധം നടത്താനുളള സ്ഥലമല്ലെന്ന് ഗ്രിഫിത്ത് പറഞ്ഞു.

ആരോഗ്യസംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. ആരോഗ്യകേന്ദ്രങ്ങള്‍ക്ക് വൈദ്യുതിയും അവിടെയുള്ളവര്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്നതും രോഗികളേയും പൗരന്‍മാരേയും വെടിവെക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ മനഃസാക്ഷിക്ക് നിരക്കാത്തതും അപലപനീയവും നിര്‍ത്തേണ്ടതുമാണെന്നും ഗ്രിഫിത്ത് വ്യക്തമാക്കി.

അതേസമയം, ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫ ഹോസ്പിറ്റലില്‍ ജനറേറ്ററുകള്‍ നിലച്ച് ഇന്‍കുബേറ്ററിലുള്ള 39 നവജാതശിശുക്കള്‍ ഏതു നിമിഷവും മരിക്കുമെന്ന അവസ്ഥയിലാണ്. വെന്റിലേറ്ററിലുള്ള രണ്ടുപേര്‍ മരിച്ചു. ഇതിലൊരാള്‍ കുട്ടിയാണ്. ആശുപത്രിയുടെ പ്രധാന ഐ.സി.യു വിഭാഗത്തിനുമേലും ബോംബിട്ടു. ജനറേറ്റര്‍ നിലച്ചതുകാരണം ഫ്രീസറില്‍നിന്ന് മാറ്റിയ മൃതദേഹങ്ങള്‍ ഖബറടക്കാനായി അല്‍ശിഫ ആശുപത്രിയില്‍ കൂട്ടക്കുഴിമാടം ഒരുക്കാനുള്ള ശ്രമം ഇസ്രായേലി ഷെല്ലിങ്ങിനെ തുടര്‍ന്ന് ഉപേക്ഷിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

Top