യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ 364 പൗരന്മാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്

യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ ഇതുവരെ കുറഞ്ഞത് 364 പൗരന്മാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎന്‍ നിരീക്ഷണ ദൗത്യത്തിന്റെ റിപ്പോര്‍ട്ട്. കൂടാതെ 759 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുഎന്‍ നിരീക്ഷണ ദൗത്യം അറിയിച്ചു. യഥാര്‍ത്ഥ മരണ സംഖ്യ വളരെ ഉയര്‍ന്നതായിരിക്കാം എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 24 നാണ് റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ ആക്രമണം ആരംഭിച്ചത്. മാര്‍ച്ച് 5 ന് മാത്രം 13 മരണങ്ങള്‍ സംഭവിച്ചതായും 52 പേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസില്‍ നിന്നുള്ള നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം മൂലം പലായനം ചെയ്യുന്നവരുടെ എണ്ണം 1.5 ദശലക്ഷമായി ഉയര്‍ന്നു. ഇത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയായി മാറിയെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.

Top