റഷ്യയെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്തു

ജനീവ: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തു. ക്രൂരമായ മനുഷ്യാവകാശ ലംഘനം റഷ്യൻ സൈന്യം യുക്രൈനിൽ നടത്തിയെന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി.

193 അംഗങ്ങളിൽ റഷ്യക്കെതിരെ 93 രാജ്യങ്ങളും അനുകൂലമായി 24 രാജ്യങ്ങളും വോട്ട് ചെയ്തു. വോട്ടെടുപ്പിൽ നിന്ന് 58 രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു. അമേരിക്ക റഷ്യക്കെതിരെ വോട്ട് ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ 58 രാജ്യങ്ങൾ വിട്ടുനിന്നതോടെ റഷ്യക്കെതിരെ ഐക്യരാഷ്ട്രസഭയിൽ അഭിപ്രായ ഐക്യമില്ലെന്ന് വ്യക്തമായി.

ബുച്ചയിലും കിയവിലും റഷ്യൻ സൈനികർ സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന് യുക്രൈൻ ആരോപിച്ചിരുന്നു. മനുഷ്യാവകാശ കൗൺസിലിൽ നിന്ന് ഇത് രണ്ടാം തവണയാണ് ഒരു രാജ്യം സസ്പെൻഡ് ചെയ്യപ്പെടുന്നത്. 2011ൽ ലിബിയയാണ് ആദ്യമായി സസ്പെൻഡ് ചെയ്യപ്പെട്ടത്.

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തതിൽ യുക്രൈൻ നന്ദി അറിയിച്ചു- “മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യുഎൻ കൌൺസിലിൽ യുദ്ധക്കുറ്റവാളികൾക്ക് സ്ഥാനമില്ല. പ്രസക്തമായ യുഎൻജിഎ (യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി) പ്രമേയത്തെ പിന്തുണയ്ക്കുകയും ചരിത്രത്തിന്റെ ശരിയായ വശം തെരഞ്ഞെടുക്കുകയും ചെയ്ത എല്ലാ അംഗരാജ്യങ്ങളോടും നന്ദിയുണ്ട്”- യുക്രൈൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.

Top