എല്‍.ജി.ബി.ടിയോടുള്ള അസഹിഷ്ണുത; ഇന്തോനേഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി യുഎന്‍

Indonesia, LGBT

ജക്കാർത്ത: ഇന്തോനേഷ്യയിൽ എല്‍.ജി.ബി.ടി സമൂഹത്തിന് എതിരെ നടത്തുന്ന അസഹിഷ്‌ണുതയും അടിച്ചമർത്തലും ഇല്ലാതാക്കണമെന്ന് ഐക്യരാഷ്ര സഭയുടെ മുന്നറിയിപ്പ്. യു.എൻ മനുഷ്യാവകാശ കമ്മീഷനാണ് ഇന്തോനേഷ്യയ്ക്ക് ഈ വിഷയത്തിൽ മുന്നറിയിപ്പ് നൽകിയിരിയ്ക്കുന്നത്.

എല്‍.ജി.ബി.ടി സമൂഹത്തിലെ ആളുകളെ അറസ്റ്റ് ചെയ്യുകയും, സ്വവർഗ്ഗ വിവാഹം നിരോധിക്കാൻ ഭരണകുടം നീക്കം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഐക്യരാഷ്ര സഭയുടെ ഇടപെടൽ.

സർക്കാർ ഉദ്യോഗസ്ഥർ, മതാനുയായികൾ, സ്വാധീനമുള്ള ഇസ്ലാമിക് ഗ്രൂപ്പുകൾ അടുത്തിടെ പൊതുസ്ഥലങ്ങളിൽ ആന്റി-എല്‍.ജി.ബി.ടി വിരുദ്ധ പ്രസ്താവനകൾ നടത്തിയിരുന്നു. തുടർന്ന് പൊലീസ് ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് ആന്റി-പോർണോഗ്രാഫി നിയമം ഉപയോഗിച്ചു.

എല്‍.ജി.ബി.ടി സമൂഹത്തിനോട് കാണിക്കുന്ന ഈ അസഹിഷ്‌ണുത വെറും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ്. ഒരിക്കലും പിന്നോട്ട് ചിന്തിക്കരുത് പുരോഗമനപരമായി ചിന്തിക്കുക. ഇത്തരത്തിൽ അവരെ അടിച്ചമർത്തുമ്പോൾ നിങ്ങൾ എന്താണ് നേടുന്നതെന്നും പകരം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ സെയിദ് റഅദ് അൽ ഹുസൈൻ ജക്കാർത്തയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

1990 കളുടെ അവസാനത്തിൽ ഇന്തോനേഷ്യ മനുഷ്യാവകാശങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകിയിരുന്നു. 1998ൽ ഇന്തോനേഷ്യ ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിലൂടെയും ശക്തമായ സാമ്പത്തിക വളർച്ചയും കൈവരിച്ചു. എന്നാൽ ജനാധിപത്യ നേട്ടങ്ങൾ ശക്തിപ്പെടുത്തുമ്പോൾ മനുഷ്യാവകാശങ്ങൾക്കായി ഇന്തോനേഷ്യയോട് മുന്നോട്ടു നീങ്ങണമെന്നും, പിന്നോട്ടല്ല സഞ്ചരിക്കേണ്ടതെന്നുമാണ് ഞങ്ങൾ പറയുന്നതെന്ന് സെയിദ് വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ എൽജിബിടി സമൂഹത്തെ അടിച്ചമർത്തുന്നതിനെതിരെയായിരുന്നു പരാമർശം.പ്രസിഡന്റ് ജോക്കോ വിഡോഡോ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി എൽ ജി ബി ടി വിവേചനത്തിന്റെ പ്രശ്നം ഉന്നയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വവർഗ്ഗ വിവാഹവും, വിവാഹത്തിന് മുൻപുള്ള ലൈംഗിക ബന്ധവും നിയമവിരുദ്ധമായി ഏർപ്പെടുത്തുന്ന പീനൽ കോഡിലെ ഭേദഗതികൾ പാർലമെന്റ് പാസാക്കിയിരുന്നു. ഭരണകുടം ഇത്തരത്തിൽ ഏതെങ്കിലും വിവേചനപരമായ വ്യവസ്ഥകൾ പാസ്സാക്കിയെങ്കിൽ അത് തിരുത്തണമെന്നും, ഇത് അവകാശ ലംഘനമാണെന്നും മനുഷ്യ അവകാശ സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

ഗേ, ഹോമോസെക്ഷ്വാലിറ്റി എന്നിവ ഇന്തോനേഷ്യയിൽ നിയമപരമാണ്. എന്നാൽ ഇസ്ലാമിക നിയമം ഭരിക്കുന്ന ആച്ചെ പ്രവിശ്യയിൽ എല്‍.ജി.ബി.ടി സമൂഹത്തിനെ ആരും അംഗീകരിക്കുന്നില്ല. പ്രവിശ്യയിൽ കഴിഞ്ഞ ദിവസം ട്രാൻസ്ജെൻഡറെ പൊലീസ് മർദിക്കുകയും, മുടി മുറിച്ച് പുരുഷന്മാരുടെ വസ്ത്രം ധരിപ്പിച്ചു നടത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഇന്തോനേഷ്യയിൽ ഇവർക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ശക്തമായ നടപടികൾ സ്വീകരിക്കും. കൂടാതെ എല്‍.ജി.ബി.ടി സമൂഹത്തിന് എല്ലാ തരത്തിലുള്ള പിന്തുണ നൽകുമെന്നും. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ അവർക്കൊപ്പം നിൽക്കുമെന്നും ഐക്യരാഷ്ര സഭ അറിയിച്ചു.

റിപ്പോർട്ട്: രേഷ്മ പി.എം

Top