‘ഇന്ത്യയില്‍ വിഘടനവാദികളും നക്‌സലുകളും കുട്ടികളെ റിക്രൂട്ട് ചെയ്യുന്നു’, യുഎന്‍ റിപ്പോര്‍ട്ട്

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയില്‍ കുട്ടികളെ വിഘടനവാദികളും നക്‌സലുകളും വന്‍തോതില്‍ തങ്ങളുടെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

സായുധകലാപ മേഖലകളിലെ കുട്ടികളെപ്പറ്റിയുള്ള യുഎന്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ അവസ്ഥയെപ്പറ്റി ഞെട്ടിക്കുന്ന പരാമര്‍ശമുള്ളത്. പലയിടത്തും സ്‌കൂളുകള്‍ തുറക്കാനാകുന്നില്ല. പഠനത്തോടൊപ്പം കുട്ടികളെ പഠിപ്പിക്കുന്നത് യുദ്ധ തന്ത്രങ്ങളാണ്. ചാവേറുകളായും കുട്ടികളെ ഉപയോഗിക്കുന്നു. കുട്ടികളെ സുരക്ഷാസേനയും പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് അവരുടെ ജീവനു തന്നെ ഭീഷണിയാവുകയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ജമ്മു കശ്മീരില്‍ ഇതുവരെ ചുരുങ്ങിയത് 30 സ്‌കൂളെങ്കിലും സായുധസംഘങ്ങള്‍ തീയിട്ടു നശിപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്തു. ഇതോടൊപ്പം സൈനിക ആവശ്യത്തിനു വേണ്ടി ആഴ്ചകളോളം നാല് സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തിയ കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ സായുധ സംഘങ്ങളും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നത് കുട്ടികളെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്.

മിക്കയിടത്തും, പ്രത്യേകിച്ച് ഛത്തിസ്ഗഢിലും ജാര്‍ഖണ്ഡിലും കുട്ടികളെ നക്‌സലൈറ്റുകള്‍ തങ്ങളുടെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ വിവരങ്ങള്‍ ഇപ്പോഴും യുഎന്നിലേക്ക് വന്നു കൊണ്ടേയിരിക്കുകയാണ്. ഛത്തിസ്ഗഢില്‍ പല സ്‌കൂളുകളും നടത്തുന്നത് മാവോയിസ്റ്റുകളാണ്. അവിടെ പഠിപ്പിക്കുന്നതാകട്ടെ സുരക്ഷാസേനയ്‌ക്കെതിരെ പോരാടാനുള്ള ‘യുദ്ധതന്ത്രങ്ങളും’.

തട്ടിക്കൊണ്ടു പോയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയുമാണ് സായുധ സംഘങ്ങള്‍ കുട്ടികളെ ഒപ്പം കൂട്ടുന്നത്. യുഎന്നിന് നിരീക്ഷണത്തിനും വിവരശേഖരണത്തിനും വിലക്കുള്ളതിനാല്‍ കുട്ടികളുടെ സായുധസംഘ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിശീലനത്തിനു ശേഷം സന്ദേശവാഹകരായും വിവരങ്ങള്‍ നല്‍കുന്നവരായും അല്ലെങ്കില്‍ കുട്ടികളുടെ സേനയിലെ അംഗങ്ങളായും മാറ്റുകയാണ് പതിവ്. ബിഹാറിലും ജാര്‍ഖണ്ഡിലും ‘ബാല്‍ ദസ്ത’ എന്ന പേരിലാണ് കുട്ടികളുടെ സേന അറിയപ്പെടുന്നത്. തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയ 23 കുട്ടികളെ ജാര്‍ഖണ്ഡ് പൊലീസ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് സംരക്ഷണത്തോടെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു.

അതേസമയം, സായുധസംഘങ്ങളില്‍ നിന്നു വിട്ടുപോരികയോ രക്ഷപ്പെടുത്തുകയോ ചെയ്ത കുട്ടികളെ പൊലീസ് ഉപയോഗിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇത്തരം കുട്ടികള്‍ക്കു നേരെ പിന്നീട് സായുധ സംഘങ്ങളുടെ പകവീട്ടലും നടക്കുന്നു. ചില സായുധസംഘങ്ങളും വിഘടനവാദികളും കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് ചാവേറുകളായി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ്.

2016-ല്‍ വിവിധ സായുധ കലാപങ്ങളില്‍ എണ്ണായിരത്തിലേറെ കുട്ടികളാണ് കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തത്. ഇതില്‍ തന്റെ നടുക്കവും യുഎന്‍ സെക്രട്ടറി ജനറല്‍ രേഖപ്പെടുത്തി. സായുധസംഘങ്ങള്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതും സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണവും കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാക്രമണവുമെല്ലാം യുഎന്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. ഇതൊന്നും വച്ചുപൊറുപ്പിക്കാനാകില്ലെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് യുഎന്നിന്റെ കൂടെ സഹകരണത്തോടെ പ്രശ്‌നപരിഹാരം കാണണമെന്നും ഗുട്ടെറസ് വ്യക്തമാക്കി.

Top