UN Chief Ban Ki-Moon Condemns Pakistan Terror Attack

ജനീവ: പാക്കിസ്ഥാനിലെ ആശുപത്രിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.

ഐക്യരാഷ്ട്രസഭാ ഉപവക്താവ് ഫറാ ഹഖ് ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാന്‍ കി മൂണ്‍ അറിയിച്ചതായി ഫറാ ഹഖ് പറഞ്ഞു.

തിങ്കളാഴ്ച്ചയാണ് പാക്കിസ്ഥാനിലെ ക്വറ്റയില്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ചാവേറാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ നൂറിലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിലേറെയും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമാണ്.

പരുക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍.

തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലുള്ള സിവില്‍ ആശുപത്രിയിലായിരുന്നു ചാവേര്‍സ്‌ഫോടനം.

വെടിയേറ്റുമരിച്ച ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിലാല്‍ അന്‍വര്‍ കാസിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അത്യാഹിതവിഭാഗത്തിലേക്കു കൊണ്ടുവരുമ്പോള്‍ വെടിയുതിര്‍ത്തതിനു പിന്നാലെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രികി താലിബാന്‍ പാക്കിസ്ഥാന്റെ ഒരു വിഭാഗമായ ജമാഅത് ഉല്‍ അഹാര ഏറ്റെടുത്തിരുന്നു.

Top