ഗാസയില്‍ ജീവകാരുണ്യ സഹായമെത്തിക്കുന്നതിന്റെ കോ ഓര്‍ഡിനേറ്ററായി സിഗ്രിഡ് കാഗിനെ നിയമിച്ച് യുഎന്‍

ഗാസ സിറ്റി: ഇസ്രയേല്‍ ആക്രമണം തുടരുന്ന ഗാസയില്‍ ജീവകാരുണ്യ സഹായമെത്തിക്കുന്നതിന്റെ കോ ഓര്‍ഡിനേറ്ററായി നെതര്‍ലന്‍ഡ്സ് മുന്‍ ഉപപ്രധാനമന്ത്രി സിഗ്രിഡ് കാഗിനെ പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടന. ഗാസയില്‍ ഉടന്‍ ഒരു മുതിര്‍ന്ന ജീവകാരുണ്യ – പുനര്‍നിര്‍മാണ കോ ഓര്‍ഡിനേറ്ററെ നിയമിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന പ്രമേയം വെള്ളിയാഴ്ച രക്ഷാസമിതി അംഗീകരിച്ചതിന് പിന്നാലെയാണ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പ്രഖ്യാപനം. ജനുവരി എട്ടിന് അവര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബി ഉള്‍പ്പെടെ ആറുഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കാഗിന് അറിയാം. പലസ്തീന്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെടെ മധ്യപൗരസ്ത്യ ദേശത്ത് അവര്‍ നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,110 കവിഞ്ഞു. 24 മണിക്കൂറിനിടെ 195 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഖാന്‍ യൂനിസിലെ എല്‍ അമാല്‍ സിറ്റി ആശുപത്രിക്കുസമീപം ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ ദെയര്‍ എല്‍-ബലയിലെ ജാഫ മസ്ജിദ് തകര്‍ന്നു. വെസ്റ്റ് ബാങ്കിലെ നൂര്‍ ഷംസ് അഭയാര്‍ഥി ക്യാമ്പില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. അതേസമയം, ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷാര്‍ജയില്‍ പുതുവര്‍ഷ വെടിക്കെട്ട് നിരോധിച്ചു. ഷാര്‍ജ പൊലീസ് ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Top