അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ ഏജന്‍സികള്‍

ഗാസ: ഐക്യരാഷ്ട്ര സംഘടനയുടേതടക്കം ഗാസയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന 18 ഏജന്‍സികള്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ശുദ്ധജലക്ഷാമവും വൃത്തിഹീനമായ ചുറ്റുപാടുകളും മൂലം അഭയാര്‍ഥി ക്യാംപുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരുകയാണെന്നും വിവിധ യുഎന്‍ ഏജന്‍സികളുടെ 88 ജീവനക്കാര്‍ കൊല്ലപ്പെട്ടതായും പ്രസ്താവനയില്‍ പറയുന്നു.

ഇതിനിടെ, ഈജിപ്തിലേക്കുള്ള വഴിയൊരുക്കി റാഫ അതിര്‍ത്തി വീണ്ടും തുറന്നു. ഗാസയില്‍ ഇതുവരെ 192 ആരോഗ്യപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 37 ആംബുലന്‍സുകള്‍ തകര്‍ത്തു. വൈദ്യുതിയും മറ്റ് അവശ്യസൗകര്യങ്ങളും മുടങ്ങിയതുമൂലം 16 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു. ഗാസയിലെ ഏക മാനസികാരോഗ്യകേന്ദ്രവും ആക്രമണത്തില്‍ തകര്‍ന്നു. അര്‍ബുദബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായുളള ആശുപത്രിയുടെ ഒരു നില തകര്‍ന്നു. പാചകശാലകളും ബേക്കറികളും തകര്‍ന്നത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കി.

മേഖലയില്‍ ഒരു ആണവ മുങ്ങിക്കപ്പല്‍ കൂടി വിന്യസിച്ചതായി യുഎസ് അറിയിച്ചു. ഈജിപ്തിലെ സൂയസ് കനാലിനു സമീപമാണ് ആണവ മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ള മുങ്ങിക്കപ്പലുള്ളതെന്നു യുഎസ് പ്രതിരോധവകുപ്പ് വെളിപ്പെടുത്തി. ഇറാന്‍ ഉള്‍പ്പെടെ ഇടപെടുന്നതു തടയാനാണ് ഈ ഭീഷണിയെന്നു കരുതുന്നു. 2 വിമാനവാഹിനികള്‍ നേരത്തേ തന്നെ യുഎസ് വിന്യസിച്ചിരുന്നു.

Top