ഇന്ത്യയ്ക്കെതിരായി ഐക്യരാഷ്ട്ര സഭയില്‍ വ്യാജ ചിത്രം, പാകിസ്ഥാനെതിരെ യു.എന്‍ നടപടിയെടുത്തേക്കും

യുണൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്ക്കെതിരായി വ്യാജ ചിത്രം ഉയര്‍ത്തിക്കാട്ടിയ പാകിസ്ഥാന്‍ സ്ഥാനപതിക്കെതിരെ യു.എന്‍ നടപടിയെടുത്തേക്കും.

ഇത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ എന്ത് നടപടിയെടുക്കാനാകുമെന്ന് പരിശോധിക്കുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് മിറോസ്ലാവ് ലജ്കാക്ക് പറഞ്ഞു.

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെ ഭീകരരാഷ്ട്രം എന്ന് വിശേഷിപ്പിച്ച ഇന്ത്യയ്ക്ക് മറുപടിയായാണ് യു.എന്നിലെ പാക് സ്ഥിരം സ്ഥാനപതി മലീഹാ ലോധി ഒരു യുവതിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത്.

കാശ്മീരില്‍ ഇന്ത്യന്‍ സേനയുടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ ചിത്രമാണെന്നും ഇതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മുഖമെന്നായിരുന്നു അവരുടെ ആരോപണം.

എന്നാല്‍ ഈ ചിത്രം പാലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സേനയുടെ ആക്രമണത്തിനിരയായ റവ്യ അബു ജോമയെന്ന യുവതിയുടെ ചിത്രമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇന്ത്യ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മിറോസ്ലാവിന്റെ പ്രതികരണം.

ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ തനിക്ക് അധികാരമില്ലെന്നും മറുപടി പറയേണ്ടത് ബന്ധപ്പെട്ട പ്രതിനിധികളാണെന്നും മിറോസ്ലാവ് പ്രതികരിച്ചു. എന്നാല്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ തന്റെ അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top